accident-death

പത്തനംതിട്ട: ടി.കെ റോഡിൽ കുമ്പനാട് കല്ലുമാലിക്കൽപ്പടിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു. കാർ യാത്രക്കാരായ നാല് യുവാക്കളാണ് തൽക്ഷണം മരിച്ചത്.
മരിച്ചവർ ഇരവിപേരൂർ സ്വദേശികളാണ്. വാക്കേമണ്ണിൽ സാം തോമസിന്റെ മകൻ ബെൻ ഉമ്മൻ തോമസ് (27), മംഗലശേരിൽ ജോബി (36), തറവേലിൽ ശശിയുടെ മകൻ അനൂപ് എസ്. പണിക്കർ (25), അനിൽ (40) എന്നിവരാണ് മരി​ച്ചത്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം. കോഴഞ്ചേരി ഭാഗത്തുനിന്നു വരികയായിരുന്ന ഷെവർലെറ്റ് ഒപ്‌​റ്റെയറ കാർ എതിർദിശയിൽ തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിലേക്കു വന്ന വേണാട് ബസിൽ ഇടിച്ചാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തെ തുടർന്ന് നിശേഷം തകർന്ന കാറിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തിരുവല്ലയിൽ നിന്ന് അഗ്​നിരക്ഷസേന എത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേർ മരിച്ചു. ഗുരുതര പരിക്കുകളോടെ അനിലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ നാരങ്ങാനം മാവുങ്കൽ അരുൺകുമാറിനെ (24)യും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തു സാരമായി പരിക്കേറ്റ നിലയിലാണ് അരുൺകുമാറിനെ പുഷ്പഗിരിയിലെത്തിച്ചത്. കാറിലുണ്ടായിരുന്ന ഇരവിപേരൂർ സ്വദേശി തറവേലിൽ അനീഷിനെ (38) ഗുരുതര പരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സുഹൃത്തുക്കളായ ഇവർ കോഴഞ്ചേരിയിൽ പോയി മടങ്ങുകയായിരുന്നുവെന്ന് പറയുന്നു.