പത്തനംതിട്ട : ജില്ലയിലെ റോഡുകളിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്. അതിലേറെപ്പേർ പരിക്ക് പറ്റി ആശുപത്രിയിലും വീട്ടിലുമായി കഴിയുന്നു. ജില്ലയിൽ ഈ മാസം ഇതുവരെ 85 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 9 മരണവും. മരിച്ചവരെല്ലാം യുവാക്കളാണെന്നത് ഭയപ്പെടുത്തുന്ന പ്രത്യേകതയുമാണ്. ഇരുചക്ര വാഹനങ്ങൾ ആണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അമിത വേഗത്തിലും മദ്യപിച്ചും വാഹനം ഓടിക്കുന്നവരാണ് അപകടത്തലകപ്പെടുന്നവരിലേറെയും. അശാസ്ത്രീയമായ റോഡ് നിർമ്മാണവും റോഡിലെ വലിയ കുഴികളും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരും കുറവല്ല.
മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് കർശന നിർദേശം ഉണ്ടെങ്കിലും പലരും അത് അംഗീകരിക്കാറില്ല. എല്ലാ റോഡിലും ദീർഘ ദൂര ബസുകളടക്കം സർവീസ് നടത്തുന്നുണ്ട്. രാത്രിയിലാണ് അപകടങ്ങൾ ഏറെയും. പത്തനംതിട്ട നഗരത്തിൽ രാത്രി 7 കഴിഞ്ഞാൽ സിഗ്നലുകൾ ബാധകമല്ല. ട്രാഫിക്കിൽ പൊലീസുമുണ്ടാവില്ല. തോന്നിയപോലെ വാഹനങ്ങൾക്ക് കടന്നു പോകാം. നിയന്ത്രിയ്ക്കാൻ ആരുമുണ്ടാകില്ല. ഞായറാഴ്ച രാത്രി കുമ്പനാട് ഉണ്ടായ അപകടത്തിൽ നാല് യുവാക്കളെയാണ് നഷ്ടമായത്. നാല് കുടുംബങ്ങളുടെ പ്രതീക്ഷകളായിരുന്നു അവർ. രക്ഷാപ്രവർത്തനത്തിനെത്തിയ മറ്റൊരു യുവാവിന് ഫയർ എസ്റ്റിഗ്യൂഷർ പൊട്ടി തെറിച്ച് പരിക്കേറ്റു.
കനത്ത പിഴ നിലവിൽ വന്നെങ്കിലും അത് റദ്ദാക്കിയതോടെ പലരും വീണ്ടും പഴയപടിയായിട്ടുണ്ട്. പിഴ തുക കുറയ്ക്കണമെന്നാണ് ആവശ്യമെങ്കിലും ഗതാഗത നിയമം പാലിക്കാൻ വിമുഖതയാണ് പലർക്കും.
സെപ്തംബർ ഒന്ന് മുതൽ 23 വരെ
അപകടങ്ങൾ: 85 കേസുകൾ
പരിക്ക് പറ്റിയവർ : 79
മരണം : 9
" നിയമങ്ങൾ പാലിച്ചാൽ അപകടം കുറയ്ക്കാനാകും. പക്ഷെ പലരും ജീവൻ നഷ്ടപ്പെടുത്തുകയാണ്. ഹെൽമെറ്റ് ഉപയോഗിക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത്, സീറ്റ് ബെൽറ്റ് ഇടണം എന്നിവയെല്ലാം ജീവൻ രക്ഷിക്കാനാണ്. അല്ലാതെ ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പാട് ചെറുപ്പക്കാർ അപകടത്തിലാകുന്നുണ്ട്. എല്ലാവരും നിയമങ്ങൾ അനുസരിക്കണം. ഒരാൾ തെറ്റിക്കുന്നതിന്റെ ഫലം ചിലപ്പോൾ മറ്റുള്ളവർ കൂടിയാവും അനുഭവിക്കുക"
ആർ. രമണൻ,
ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസർ