അടൂർ: ജനറൽ ആശുപത്രിയിൽ നവീകരിച്ച ശീതീകരണ സംവിധാനത്തോടു കൂടിയ മോർച്ചറി തുറന്ന് പ്രവർത്തിക്കാൻ നടപടിയായി. നഗരസഭയുടെ ഏഴ് ലക്ഷം രൂപയും ആശുപത്രി വികസന സമിതിയുടെ 5.25 ലക്ഷം രൂപയും ചെലവഴിച്ചാണ് മോർച്ചറി നവീകരിച്ചത്. 4 മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഇനി മുതൽ ലഭ്യമാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മോർച്ചറിയായിരുന്നു മുമ്പുണ്ടായിരുന്നത്. പോസ്റ്റ്മോർട്ടത്തിന് മൃതദേഹങ്ങൾ ഒന്നിലധികമുണ്ടെങ്കിൽ തറയിൽ കിടത്തേണ്ട അവസ്ഥയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് തറയിൽ കിടത്തിയ മൃതദേഹം ഉറുമ്പരിച്ചത് വിവാദമായിരുന്നു. ഇതോടെയാണ് അധികൃതരുടെ കണ്ണ് തുറന്നത്. തുടർന്നു നടന്ന ആശുപത്രി വികസന സമിതി യോഗത്തിൽ മോർച്ചറി വിഷയം ചൂടേറിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയും വികസന ഫണ്ട് ഉപയോഗിച്ച് നവീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. നഗരസഭ കൂടി കൈത്താങ്ങായതോടെ കാര്യങ്ങൾ എളുപ്പമായി. ശീതീകരണ ക്യാബിൻ സ്ഥാപിച്ചതിനൊപ്പം മോർച്ചറിയുടെ മുൻഭാഗം തറയോട് വിരിച്ചും മുൻഭാഗത്തെ മതിലിന്റെ അറ്റകുറ്റപണി നടത്തി പെയിന്റടിച്ച് വൃത്തിയാക്കുകയും ചെയ്തു. ശീതീകരണ ക്യാബിനുകൾ സ്ഥാപിച്ചിട്ട് 2 മാസത്തിലേറെയായെങ്കിലും ഇലക്ട്രിക്കൽ വിംഗിന്റെ പരിശോധന നടത്തി മതിയായ വൈദ്യുതി ലഭ്യമാക്കാൻ വൈകിയതാണ് താമസത്തിന് കാരണമായത്. കുറഞ്ഞ നിരക്കിൽ ഇവിടെ മൃതദേഹങ്ങൾ സൂക്ഷിക്കാം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി മോർച്ചറി തുറന്നുകൊടുക്കുകയാണ്.
ഡോ. സുഭഗൻ, സൂപ്രണ്ട്,
അടൂർ ജനറൽ ആശുപത്രി .