തിരുവല്ല: ടി.കെ റോഡിൽ കുമ്പനാട് കല്ലുമാലിക്കൽപടിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു മരിച്ച സുഹൃത്തുക്കളായ നാലുപേരുടെയും സംസ്‌കാരം ഇന്ന് നടക്കും. ഇരവിപേരൂർ വാക്കേമണ്ണിൽ സാം തോമസിന്റെ മകൻ യൂത്ത് കോൺഗ്രസ് ആറന്മുള ബ്ലോക്ക് സെക്രട്ടറി ബെൻ ഉമ്മൻ തോമസ് (30), മംഗലശ്ശേരിൽ എം.സി തോമസിന്റെ മകൻ ജോബി തോമസ് (37 ), തറവേലിൽ ശശിധരപ്പണിക്കരുടെ മകൻ അനൂപ് എസ്. പണിക്കർ (27), കോയിപ്പുറത്തുപറമ്പിൽ ജോർജ്ജിന്റെ മകൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനിൽ ജോർജ്ജ് മാത്യു (42 ) എന്നിവരാണ് ഞായാറാഴ്ച രാത്രി അപകടത്തിൽ മരിച്ചത്. പ്രവാസിയായിരുന്ന ജോബി രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തിയത്. നാലുപേരും പഠിച്ച ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂളിൽ മൃതദേഹങ്ങൾ ഇന്ന് രാവിലെ 10 മുതൽ പൊതുദർശനത്തിനുവയ്ക്കും. ബെൻ തോമസിന്റെ സംസ്കാരം ഇന്ന് രണ്ടിന് സെന്റ് ആന്റോണീസ് കത്തോലിക്കാ പള്ളിയിൽ നടക്കും. ജോബിയുടെയും അനിലിന്റെയും സംസ്കാരവും ഇന്ന് രണ്ടിന് ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ നടക്കും. ജോബിയുടെ മാതാവ്: ജോസമ്മ. ഭാര്യ: എൽസി. മക്കൾ: റീബ, റോഷ്‌ന. അനിലിന്റെ മാതാവ്: കുഞ്ഞുമോൾ. സഹോദരി: ആശാ. അവിവാഹിതനാണ്. അനൂപ് എസ്.പണിക്കരുടെ മൃതദേഹം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. അനൂപിന്റെ മാതാവ് : സുധാകുമാരി. സഹോദരി : സോനു. അവിവാഹിതനാണ്. പരിക്കേറ്റ് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനീഷ്കുമാറും മരിച്ച അനൂപും അടുത്ത ബന്ധുക്കളാണ്.