യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം കീറാമുട്ടി
പത്തനംതിട്ട: കോന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം കെ.പി.സി.സിക്ക് കീറാമുട്ടിയായി തുടരുന്നു. കോന്നിയിലെ മുൻ എം.എൽ.എ എന്ന നിലയിൽ അടൂർ പ്രകാശ് നിർദേശിച്ച നേതാക്കളോട് എതിർപ്പറിയിച്ച് ഒരു വിഭാഗം ഡി.സി.സി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും കെ.പി.സി.സിക്ക് കത്തയച്ചു. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു എന്നിവരുടെ പേരുകളാണ് അടൂർ പ്രകാശ് നേതൃത്വത്തിനു നൽകിയത്.
എ ഗ്രൂപ്പ് നേതാക്കൾ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ പേര് നിർദേശിച്ചു. ബാബുജോർജിനെ സ്ഥാനാർത്ഥിയാക്കുന്നില്ലെങ്കിൽ സീനിയറായ നേതാക്കളെ സ്ഥാനാർത്ഥിയാക്കണം. അതിൽ മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജിനാണ് മുൻഗണന. മുൻപ് നടന്ന നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ മോഹൻരാജിനെ പരിഗണിച്ച ശേഷം തഴഞ്ഞതിനാൽ അദ്ദേഹത്തെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കുന്നതിനോട് എതിർപ്പ് കുറവാണ്. സാമുദായിക പരിഗണനയിൽ എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡംഗം പ്രൊഫ. സതീഷ് കൊച്ചു പറമ്പിലും പരിഗണിക്കപ്പെട്ടേക്കാം.
ഐ ഗ്രൂപ്പ് മണ്ഡലമായ കോന്നിയിൽ കെ.പി.സി.സി സെക്രട്ടറി പഴകുളം മധുവിനാണ് ഗ്രൂപ്പ് പരിഗണന.
ഡി.സി.സിയിൽ നിന്ന് ഇത്തവണ കെ.പി.സി.സി സ്ഥാനാർത്ഥി പട്ടിക ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ ഭാരവാഹികളും ഗ്രൂപ്പുകളും തങ്ങളുടെ അഭിപ്രായം എഴുതി നൽകുകയായിരുന്നു. സ്ഥാനാർത്ഥികൾ ആരായാലും വിജയത്തിനായി പ്രവർത്തിക്കാൻ ഇന്നലെ ചേർന്ന ഡി.സി.സി ജനറൽ ബോഡി യോഗം തീരുമാനിച്ചു.
>>>>>
എൽ.ഡി.എഫ് സ്ഥാനാർത്ഥി രണ്ടു ദിവസത്തിനുളളിൽ
എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചേക്കും. ഇന്നോ നാളയോ പ്രഖ്യാപനമുണ്ടായേക്കും. തീരുമാനം ഇന്നുണ്ടായാൽ രാത്രി തന്നെ ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് സ്ഥാനാർത്ഥിയെ അംഗീകരിച്ച് പ്രചരണരംഗത്തേക്ക് കടക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, എം.എസ്.രാജേന്ദ്രൻ, ഡി.വൈ.എഫ്. ഐ നേതാവ് കെ.യു.ജനീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം രാജീവ് കുമാർ, കഴിഞ്ഞ തവണ മത്സരിച്ച ആർ. സനൽകുമാർ എന്നിവർ പരിഗണനയിലുണ്ട്. അടിസ്ഥാന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ എൽ.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.
>>>
ദൽഹിയിലേക്ക് നോക്കി എൻ.ഡി.എ
എൻ.ഡി.എ സ്ഥാനാർത്ഥിയെ ഡൽഹിയിൽ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ശോഭാ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ, അശോകൻ കുളനട, ഷാജി ആർ. നായർ എന്നിവരാണ് പരിഗണിക്കപ്പെടുന്നത്. മണ്ഡലത്തിലെ ഹിന്ദുജനസംഖ്യയിൽ കൂടുതലുളള ഇൗഴവ വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. 31ശതമാനമാണ് ഇൗഴവ വോട്ടർമാർ. 28ശതമാനമുളള എൻ.എസ്.എസ് വോട്ടുകളെയും സ്വാധീനിക്കാൻ കഴിയുന്ന നേതാവായിരിക്കും സ്ഥാനാർത്ഥി.