nandhavanam-jn
ഇന്നലെ പെയ്ത മഴയിൽ എം.സി റോഡിൽ നന്ദാവനം കവക്കു സമീപം രൂപപ്പെട്ട വെളളക്കെട്ട്

ചെങ്ങന്നൂർ: അഴുക്കുവെളളവും മഴവെളളവും കെട്ടിനിൽക്കാതെ ഒഴുകിപോകാനാണ് ഓടനിർമ്മിക്കുന്നതെങ്കിൽ ചെങ്ങന്നൂരിലെ സ്ഥിതി മറിച്ചാണ്. നഗരത്തിലെ മുഴുവൻ മാലിന്യവും പേറുന്ന ഓടയിൽ നിന്നും ഒരു തുളളിവെളളവും ഒഴുകാതെ കെട്ടികിടന്ന് ദുർഗന്ധം വമിക്കുകയാണ്. മഴപെയ്തതോടെ ഈ മലിനജലം ഓട കവിഞ്ഞ് നടുറോഡിലൂടെ ഒഴുകുകയാണ്. എം.സി റോഡിൽ നന്ദാവനം കവലയിൽ തകർന്ന റോഡിനു കുറുകെയുളള കനാൽ മൺചാക്ക് നിറച്ച് അടച്ച് അതിനുമുകളിൽ ടാറിംഗ് നടത്തിയതും സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ഇതോടെ മാർക്കറ്റ് ജംഗ്ഷൻ മുതൽ നന്ദാവനം കവലവരെയുളള റോഡിൽ മഴപെയ്തതോടെ വെളളക്കെട്ട് രൂപപ്പെട്ടു. മാത്രമല്ല ഓടകൾക്കുമുകളിൽ മൂടി ഇല്ലാത്തത് കാൽനട യാത്രക്കാർ അപകടത്തിപ്പെടുന്നതിനും കാരണമാകുന്നു.
ചെറുമഴപോലും എം.സി റോഡിനെ മാലിന്യ തോടാക്കും
ചെറുമഴ പെയ്താൽപ്പോലും നഗരത്തിലെ ഓടകൾ നിറഞ്ഞ് മാലിന്യം തെരുവിലേക്ക് ഒഴുകിത്തുടങ്ങും. എം.സി റോഡിലെ നന്ദാവനം കവലക്ക് ഇരുവശത്തുമായി രണ്ട് ബസ് സ്‌റ്റോപ്പുകളും, ആശുപത്രി ജംഗ്ഷനിൽ ഒരു ബസ്റ്റേപ്പുമാണ് ഉളളത്. ഓടയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഇവിടെ ബസുകയറാൻ എത്തുന്നവരാണ്.

കാൽനടയാത്ര അപകടകരം

നഗരത്തിൽ സന്ധ്യ മയങ്ങുമ്പോഴാണ് അപകടം കൂടുതൽ. നന്ദാവനം കവലയിൽ ചില തെരുവ് വിളക്കുകൾ പകൽ കത്തി രാത്രി അണഞ്ഞു കിടക്കാറുണ്ടെന്ന് സമീപത്തെ സ്ഥാപനത്തിലുള്ളവർ പറഞ്ഞു. പരാതിപ്പെട്ടപ്പോൾ ഓട്ടോമാറ്റിക് ടൈമറിന്റെ തകരാറാണെന്ന് പറഞ്ഞ് അധികൃതർ തലയൂരി. മൂടിയില്ലാതെ വെളളം നിറഞ്ഞു കിടക്കുന്ന ഓടയിൽ അറിയാതെ വീണാൽ ഗുരുതരമായ മുറിവോ ഒടിവോ സംഭവിക്കും. ഇത് പതിവ്കാഴ്ചയാണെന്ന് വ്യാപാരികൾ പറയുന്നു.

അശാസ്ത്രീയമായ കലുങ്കുനിർമ്മാണം

കോടികൾ മുടക്കി അന്താരാഷ്ട്ര നിലവാരത്തിൽ കെ.എസ്.ടി.പി നിർമ്മാണം പൂർത്തിയാക്കിയ എം.സി റോഡിൽ കഴിഞ്ഞ 11ന് രാത്രി കലുങ്ക് തകർന്ന് വൻ ഗർത്തം രൂപപ്പെട്ടത്. 13ന് കെ.എസ്.ടി.പി അധികൃതർ കുഴിയടച്ച് ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും രാത്രിയോടെ വീണ്ടും കലുങ്ക് ഇടിഞ്ഞു താണു. ഇതോടെ ഈ കലുങ്ക് മൺചാക്ക് ഉപയോഗിച്ചടച്ചാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇതാണ് ചെറിയമഴയിലും വെളളക്കെട്ട് രൂപപ്പെടാൻ കാരണമായത്.