ചെങ്ങന്നൂർ: പാണ്ടനാട്ടിൽ കുടിവെളളം മുടങ്ങിയിട്ട് ഇന്ന് ഒമ്പത് ദിവസം. പഞ്ചായത്തിലെ അഞ്ച് മുതൽ 13 വരെ വാർഡിലുള്ളവർക്ക് വെള്ളം ലഭിക്കുന്നത് പരുമല സ്റ്റാഫോർഡ് ഫാക്ടറികോമ്പൗണ്ടിലെ കിണറിൽ നിന്നാണ്. ഒമ്പത് ദിവസമായി വെള്ളം പമ്പ് ചെയ്യാൻ സാധിക്കാതായതോടെ 8000 വീടുകളിലാണ് ശുദ്ധജല വിതരണം നിലച്ചത്. പരുമലയിലെ കുഴൽകിണർ തകരാറിലായതാണ് കുടിവെള്ള വിതരണം അവതാളത്തിലാകാൻ കാരണം. ചെളി കയറുന്നത് മൂലം പമ്പ് സെറ്റ് സ്ഥിരമായികേടാവുന്നതും കാലപ്പഴക്കം മൂലം പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങുന്നതും ഇവിടെ പതിവായിരുന്നു.
കുഴൽ കിണർ കുഴിക്കാനായില്ല
പരുമലയിലെ കിണറ്റിൽ നിന്ന് നാലു കിലോമീറ്റർ ദൂരെയുള്ള കീഴ്‌വന്മഴി ഗവ.ജെ.ബി.എസിന് സമീപമുള്ള ടാങ്കിലാണ് വെള്ളം പമ്പ് ചെയ്ത് നിറയ്ക്കുന്നത്. ഇവിടെ നിന്നാണ് വീടുകളിലേക്ക് വെള്ളം നൽകുന്നത്. മുതവഴി മുതൽ ഇല്ലിമലപ്പാലം വരെയുള്ള വീട്ടുകാർക്ക് ഈ പദ്ധതിയിൽ നിന്നാണ് വെള്ളം ലഭ്യമാകുന്നത്. കഴിഞ്ഞ വർഷം ടാങ്ക് നിൽക്കുന്ന പ്രദേശത്തോട് ചേർന്ന് കുഴൽ കിണർ കുഴിക്കാൻ തീരുമാനിച്ചു. പ്രളയം കഴിഞ്ഞശേഷം കഴിഞ്ഞ സെപ്തംബർ മാസം ഇതിന്റെ അധികൃതർ സ്ഥലപരിശോധന നടത്തി. 175 മീറ്റർ താഴ്ചയിൽ കിണർ പണിയാനായി പദ്ധതി തയാറാക്കി. പിന്നീട് കുഴിയെടുത്ത് പ്രവർത്തനം തുടങ്ങിയപ്പോൾ സമീപവാസികൾ എതിർപ്പുമായി എത്തിയതോടെ ജല അതോറിറ്റി പിൻമാറുകയായിരുന്നു.
പഞ്ചായത്ത് സഹായം വേണം
കഴിഞ്ഞ വർഷം തന്നെ പഞ്ചായത്തിനോട് വിഷയം അവതരിപ്പിച്ചു. കുഴൽകിണർ കുഴിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. വെളളം പമ്പ് ചെയ്യാൻ പറ്റാതായ വിവരം അന്നു തന്നെ പഞ്ചായത്തിൽ അറിയിച്ചു. പകരം സ്ഥലം കണ്ടെത്തി നൽകിയാൽ കിണർ കുഴിച്ച് വെള്ളം വിതരണം ചെയ്യാൻ തയാറാണെന്ന് ചെങ്ങന്നൂർ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ വി.ഹരികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു.
കീഴ്‌വന്മഴി ജെ.ബി.എസിന് സമീപം കുഴൽ കിണർ പണിയാൻ ജല അതോറിറ്റിക്ക് കഴിഞ്ഞ വർഷം തന്നെ അനുവാദം നൽകിയിരുന്നു. പ്രദേശവാസികളുടെ എതിർപ്പാണ് നടക്കാതെ പോയത്. നിലവിലെ സാഹചര്യം വിലയിരുത്തി എന്തു ചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും.
ശിവൻകുട്ടി അയിലാരത്തിൽ
(പഞ്ചായത്ത് പ്രസിഡന്റ്)