koduman

കൊടുമൺ : ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം കുന്നുകൂടുകയാണ്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് വലിയ ചാക്കുകളിലും കവറുകളിലുമായി പാതയോരങ്ങളിൽ തള്ളുന്നത്. രണ്ടാംകുറ്റി വളവ്, കോടിയാട്ട് കാവ്, ചിരണിക്കൽ പാതയുടെ വശങ്ങൾ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം, അങ്ങാടിക്കൽ തോപ്പിൽപ്പടി എന്നിവിടങ്ങളിൽ മാലിന്യ നിക്ഷേപം രൂക്ഷമാണ്. പഞ്ചായത്തിലെ നിരവധി കൈത്തോടുകളും മാലിന്യങ്ങളും മദ്യക്കുപ്പികളും നിറഞ്ഞ നിലയിലാണ്. മാലിന്യം കലർന്നതിനാൽ തോട്ടിലെ വെളളം ഉപയോഗിക്കാറില്ല. തോടിനു സമീപത്തായി തള്ളുന്ന മാലിന്യങ്ങളും മഴയെത്തുന്നതോടെ തോട്ടിലേക്ക് ഒഴുകിയിറങ്ങും. പല തടയണകളിലും വൻ തോതിൽ മാലിന്യവും പ്ലാസ്റ്റിക് ,മദ്യ കുപ്പികളും അടിഞ്ഞു കൂടിയ നിലയിലാണ് ..

മാലിന്യത്തിനാണോ എെ.എസ്.ഒ ? :

അടുത്തിടെ മികച്ച പഞ്ചായത്തിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ പഞ്ചായത്തിലെ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനങ്ങൾ ഇല്ലാ. ആഴ്ചകളായി പഞ്ചായത്ത് ഒാഫീസിന് മൂക്കിനു താഴെയുള്ള മാർക്കറ്റിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി ചന്തയുടെ ഒരുഭാഗത്ത് കൂട്ടിവച്ചിരിക്കുകയാണ്. പച്ചക്കറി, വാഴക്കുല, കപ്പ തുടങ്ങിയവയുടെ അവശിഷ്ടങ്ങളാണ് ചാക്കിൽ കെട്ടിവച്ചിരിക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്.

തോടുകളിൽ ജലം മലിനം

ചന്തയിൽ മാലിന്യ ചാക്കുകൾ

മാലിന്യ സംസ്കരണം ഇല്ല

മാർക്കറ്റിലെ മാലിന്യ സംസ്കരണ പ്ലാന്റ് കാര്യക്ഷമമല്ല.

നിരവധി തവണ പഞ്ചായത് അധികൃതരോട് പരാതികൾ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.

അനിൽകുമാർ (വ്യാപാരി )