1-

ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടുന്ന പഞ്ചായത്താണ് കലഞ്ഞൂർ. 20 വാർഡുകൾ. 1953ൽ കലഞ്ഞൂർ പ്ലാസ്ഥാനത്ത് മഠത്തിൽ ആർ.രാമരുപോറ്റിയായിരുന്നു ആദ്യപ്രസിഡന്റ്. ഇപ്പോഴത്തെ കക്ഷിനില. സി.പി.എം 10, സി.പി.ഐ 1, കോൺഗ്രസ് 5, ബി.ജെ.പി 3, സ്വതന്ത്രൻ 1

-------------------------

പഞ്ചായത്ത് വിഭജനം

കലഞ്ഞൂർ പഞ്ചായത്തു വിഭജിച്ച് കൂടൽ പഞ്ചായത്തു കൂടി രൂപീകരിക്കണമെന്ന ആവിശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പറക്കോട് ബ്ലോക്ക്‌‌ പഞ്ചായത്തിൽ ഉൾപ്പെട്ട കലഞ്ഞൂരിൽ 66.01 ച.കി.മി വിസ്തീർണ്ണവും 32267 ജനസംഖ്യയുമുണ്ട്. 2015 ൽ വിഭജനത്തിനായി നടപടികൾ ആരംഭിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

. കൂടൽ, മുറിഞ്ഞകൽ, ഇഞ്ചപ്പാറ, അതിരുങ്കൽ, കുളത്തുമൺ, എലിക്കോട്, പേമ്പാവുമണ്ണ്, സ്റ്റേഡിയം, എള്ളുംകാല, പല്ലുർ, നെടുമൺകാവ്, കൈലാസകുന്ന്, മരുതിക്കാല എന്നിവ ഉൾപ്പെടുത്തി കൂടൽ പഞ്ചായത്തും കലഞ്ഞൂർ, പുന്നമൂട്, തട്ടാക്കുടി, പാടം, മാങ്കോട്, കുടപ്പാറ, കീച്ചേരി, ഒന്നാംകുറ്റി, ഇടത്തറ, പൊട്ടംതറ, കല്ലറേത്ത്, പറയംകോട്, കാഞ്ഞിരത്തിമുകൾ എന്നീ ഭാഗങ്ങൾ ഉൾപ്പെടുത്തി കലഞ്ഞൂർ പഞ്ചായത്തും ആക്കാനായിരുന്നു സർക്കാർ ശ്രമം. ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയപഞ്ചായത്താണിത്.ഏറ്റവും കൂടുതൽ വാർഡുകളുള്ള പള്ളിക്കൽ പഞ്ചായത്തിന്റെ വിഭജന നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ് ഇപ്പോൾ. കലഞ്ഞൂരിനെയും പരിഗണിക്കണമെന്ന് പഞ്ചായത്തംഗമായ തോമസ് ഈപ്പൻ ആവശ്യപ്പെട്ടു. ഇപ്പോൾ കുളത്തുമണ്ണുകാർ പത്ത് കിലോമീറ്റർ സഞ്ചരിച്ചാണ് പഞ്ചായത്തിൽ എത്തുന്നത്. കൂടൽ പഞ്ചായത്ത് രൂപീകരിച്ചാൽ ഇൗ ബുദ്ധിമുട്ട് അവസാനിക്കും.

ശബരിമല ഇടത്താവളം വേണം

ശബരിമല തീർത്ഥാടകരുടെ അപ്രഖ്യാപിത ഇടത്താവളമാണ് കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ കിഴക്കേ ആൽത്തറ മണ്ഡപം. പത്തനംതിട്ട,കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ഇവിടെ തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിൽ നിന്നും ഭക്തർ എത്തുന്നു. ആൽത്തറ മണ്ഡപത്തിൽ വിരിവച്ച് വിശ്രമിച്ച് പോകുന്നവരാണ് ഏറിയപങ്കും. ഇവിടം കേന്ദ്രീകരിച്ച് ശബരിമല ഇടത്താവളം ഒരുക്കണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. മാറിവന്ന പഞ്ചായത്ത് ഭരണസമിതികൾ ഇതിനായി ഒരു രൂപ പോലും ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ല. മണ്ഡലകാലത്ത് 41 ദിവസവും ആൽത്തറ മണ്ഡപം കേന്ദ്രീകരിച്ച് പ്രത്യേക പൂജകളും ഭജനയും നടത്താറുണ്ട്.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനങ്ങളിൽ ഒന്ന് ഇടത്താവളം യാഥാർത്ഥ്യമാക്കുമെന്നായിരുന്നു. ഇതിനായി പത്തുലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപനവുണ്ടായി.എന്നാൽ ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും തമ്മിലുള്ള ശീതസമരം കാരണം പണി നടന്നില്ല. ആദ്യ ഗഡുവായി അനുവദിച്ച പത്ത് ലക്ഷം രൂപ വകമാറ്റി ചെലവഴിക്കുകയും ചെയ്തു.

വികസനമില്ലാതെ പാടം

പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് വനത്തോട് ചേർന്ന പ്രദേശമാണ് പാടം . പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശംകൂടിയാണ് . പ്രാഥമിക ചികിത്സാ സ്വകാര്യം പോലും ഇവിടെയില്ല. പുനലൂരിൽ നിന്ന് ആലിമുക്ക് ,പാടം ,കല്ലേലി ,വഴി കോന്നി മെഡിക്കൽ കോളേജിലേക്കുള്ള മലയോര ഹൈവേയ്ക്കായി നിരവധി തവണ നിർദ്ദേശം സർക്കാർ തലത്തിൽ പോയതാണ് . എന്നാൽ ഒരു നീക്കവും ഉണ്ടായില്ല