പത്തനംതിട്ട: 23വർഷമായി യു.ഡി.എഫ് കയ്യടക്കി വച്ചിരിക്കുന്ന കോന്നിയെ തിരിച്ചുപിടിക്കാൻ സി.പി.എം യുവ നേതാവിനെ രംഗത്തിറക്കിയത് എൽ.ഡി.എഫിന് ഉണർവായി. മലയോര നാടായ സീതത്തോട്ടിൽ നിന്നുളള കെ.യു.ജനീഷ് കുമാർ പാർട്ടിയിലും പുറത്തും സ്വീകാര്യനാണ്. ജനീഷ് സ്ഥാനാർത്ഥിയായതോടെ പാർട്ടിയിലെ യുവാക്കളും മലയോര നാടും ആവേശത്തിലാണ്. മികച്ച സംഘാടകനും പ്രസംഗകനുമായ ജനീഷ് കുമാർ ഡി.വൈ.എഫ്. എെ. ജില്ലാ സെക്രട്ടറിയായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നും തുടർന്നുപോരുന്ന ഡി.വൈ.എഫ്.എെയുടെ സൗജന്യ ഉച്ചഭക്ഷണ വിതരണത്തിനും മറ്റ് സാമൂഹികസേവന പ്രവർത്തനങ്ങളിലും നേതൃപരമായി പങ്ക് വഹിച്ചുവരികയാണ്. 2010ൽ സീതത്തോട് ഗ്രാമ പഞ്ചായത്തിലേക്ക് വൻ ഭൂരിപക്ഷത്തിലാണ് ജനീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ കുത്തകവാർഡിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ മത്തായിക്കുട്ടിയെ അട്ടിമറിച്ചാണ് ജനീഷ് ജനപ്രതിനിധിയായത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി.
സീതത്തോട്ടിലെ കർഷക കുടുംബാംഗമാണ് . പിതാവ് പരേതനായ പി.എ ഉത്തമൻ ആദ്യകാല പാർട്ടി പ്രവർത്തകനായിരുന്നു. മാതാവ് വിജയമ്മ സി.പി.എമ്മിന്റെ സജീവ പ്രവർത്തകയാണ്. സീതത്തോട് കെ.ആർ.പി.എം എച്ച്.എസ്.എസിൽ എസ്.എഫ്.എെ യൂണിറ്റ് സെക്രട്ടറിയായാടാണ് ജനീഷ് കുമാർ പൊതു പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ ലീഡറുമായിരുന്നു. തുടർന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകളിൽ പ്രവർത്തിച്ചു. റാന്നി സെന്റ് തോമസ് കാേളേജ് യൂണിയൻ ചെയർമാനും കൗൺസിലറും എം.ജി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയുമായരുന്നു. സി.പി.എം സീതത്തോട് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽ.എൽ.ബിയും നേടിയ ജനീഷ് കുമാർ പത്തനംതിട്ട കോടതിയിലെ അഭിഭാഷകനായിരുന്നു.
നിലവിൽ ഡി.വൈ.എഫ്.എെ സംസ്ഥാന വൈസ് പ്രസിഡന്റും യുവജനക്ഷേമ ബോർഡ് അംഗവുമാണ്. റഷ്യയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചിട്ടുണ്ട്.
ഭാര്യ അനുമോൾ സീതത്തോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. മക്കൾ: നൃപൻ കെ.ജനീഷ്, ആസിഫ അനു ജനീഷ്. സഹോദരൻ കെ.യു അനീഷ് കുമാർ.