തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ.സി.സിക്ക് വീണ്ടും അഭിമാനകരമായ നേട്ടം. ഡൽഹിയിൽ നടന്ന ദേശീയ തൽസൈനിക് ഒബ്സ്റ്റക്കൾ ട്രെയിനിംഗ് മത്സരത്തിൽ കോളേജിലെ എൻ.സി.സി കേഡറ്റ് സർജന്റ് ട്രീസ സി.എ, അണ്ടർ ഓഫീസർ എബിൻ റെജി എന്നിവർ കേരള ലക്ഷദീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും, ആൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. കോഴിക്കോട് നടന്ന സംസ്ഥാന ഒബ്സ്റ്റിക്കൾ ട്രെയിനിംഗ് മത്സരത്തിൽ ഇരുവരും റെക്കാഡ് സമയത്തോടെ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
എൻ.സി.സി യിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മത്സര ക്യാമ്പുകളാണ് സൽഹിയിൽ നടക്കുന്ന റിപ്പബ്ളിക്ക് ദിന ക്യാമ്പും തൽ സൈനിക് ക്യാമ്പും. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് കോളേജിലെ നാല് എൻ.സി സി കേഡറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരു മത്സര ക്യാമ്പുകളിലും ഒരേ വർഷം ദേശീയ തലത്തിൽ നേട്ടങ്ങൾ കൊയ്യാൻ മാർത്തോമ്മ കോളേജിലെ എൻ.സി.സി യൂണിറ്റിന് സാധിച്ചു എന്നത് ഇരട്ടി മധുരം നൽകുന്നു.
15 കേരള എൻ.സി.സി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ. സഞ്ജയ്ബവേജ, കോളേജ് പ്രിൻസിപ്പൽ ഡോ. ഐസി കെ. ജോൺ, എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് റെയിസൻ സാം രാജു എന്നിവർ അഭിനന്ദിച്ചു.