തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ വലിയ ബലിക്കൽപുരയുടെ മുഖമണ്ഡപത്തിൽ മഹാവിഷ്ണുവിന്റെ മൂലമന്ത്രം ദാരുശില്പഭംഗിയോടെ സമർപ്പണം നടത്തി. പ്രവാസി മലയാളിയും വ്യവസായിയുമായ വെൺപാല കളത്തിൽപറമ്പിൽ കെ.പി.വിജയനാണ് ശ്രീവല്ലഭ സ്വാമിയുടെ നടയിൽ സമർപ്പിച്ചത്. രണ്ടേകാൽ അടി വീതിയും 13അടി നീളവുമുള്ള തേക്കിന്റെ ഒറ്റത്തടിയിൽ ഓംകാരത്തിന്റെ പ്രതീകങ്ങൾക്ക് മധ്യത്തിലായി മൂലമന്ത്രമായ ഓം നമോ നാരായണായ കൊത്തിവച്ചിരിക്കുന്നു. ഇതുകൂടാതെ വശങ്ങളിലായി ദശാവതാര ശില്പങ്ങളും ഗരുഡൻ, ഗണപതി, ലക്ഷ്മിദേവീ എന്നിവയും ഫലകത്തിൽ കൊത്തിയിട്ടുണ്ട്. നാൽപ്പത്തിയൊന്ന് ദിവസം വ്രതംനോക്കിയാണ് ശിൽപ്പങ്ങൾ നിർമ്മിച്ചതെന്ന് ശില്പി തുമ്പമൺ സ്വദേശി അനീഷ് പറഞ്ഞു. ഇതിന്റെ സമർപ്പണം ഇന്നലെ രാവിലെ ക്ഷേത്രനടയിൽ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം തെളിയിച്ച് നിർവ്വഹിച്ചു. ദേവസ്വം ബോർഡ് അസി. കമ്മിഷണർ ശ്രീലത, സബ് ഗ്രൂപ്പ് ഓഫീസർ ടി.പി.നാരായണൻ നമ്പൂതിരി, ഉപദേശകസമിതി പ്രസിഡന്റ് വേണു വെള്ളിയോട്ടില്ലം, സെക്രട്ടറി ഗോപൻ, മുൻസിപ്പൽ കൗൺസിലർ രാധാകൃഷ്ണൻ വേണാട്ട്, കെ.ആർ.പ്രതാപചന്ദ്ര വർമ്മ, ഹരികുമാർ ചുട്ടിയിൽ, വിജയൻപിള്ള, ഹരി ആറ്റുപുറത്ത് എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേത്രത്തിൽ മണിമണ്ഡപവും ഗണപതി, അയ്യപ്പൻ കോവിലുകളുടെ നവീകരണവും ഭക്തജനങ്ങൾക്ക് മുഴുവൻ സമയവും കുടിവെള്ള വിതരണവും കെ.പി.വിജയൻ സജ്ജമാക്കിയിട്ടുണ്ട്.