അടൂർ: കോടികൾ ചെലവഴിച്ച് അടുത്തിടെ ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയ കെ.പി റോഡ് തകരാൻ ഇടയായത് സംബന്ധിച്ച് വിജിലൻസ് വിഭാഗം സമഗ്ര അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം സംസ്ഥാനത്തുടനീളം നടത്തിയ പരിശോധയുടെ ഭാഗമായി പത്തനംതിട്ട പൊലീസ് വിജിലൻസ് വിഭാഗം അടൂരിലെ രണ്ട് റോഡുകളിൽ പരിശോധന നടത്തിയിരുന്നു. നിർമ്മാണം പൂർത്തിയായി ആറ് മാസം തികയും മുൻപ് ഏറെ തകർച്ച നേരിട്ട കെ.പി റോഡിലെ അടൂർ സെൻട്രൽ ജംഗ്ഷൻ മുതൽ മരുതിമൂട് വരെയുള്ള പതിനൊന്നര കിലോമീറ്റർ ഭാഗം പരിശോധിച്ചപ്പോൾ ഗുരുതരമായ വീഴ്ചയാണ് കണ്ടെത്തിയത്. പതിനഞ്ചോളം ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴ്ന്ന് അപകടക്കെണിയായി മാറിയിട്ടുണ്ട്. റോഡ് നിർമ്മാണത്തിലെ അപാകതയാണോ, അതോ വാട്ടർ അതോററ്റിയുടെ കുഴപ്പമാണോ എന്നതിലാണ് വിജിലൻസിന് വ്യക്തത വേണ്ടത്. ഇതിനായി റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിച്ച ഭാഗവും പൊതുമരാമത്ത് വിഭാഗം ബി.എം. ആൻഡ് ബി.സി മതിയായ കനത്തിൻ ചെയ്തിട്ടുണ്ടോ എന്നതുമാണ് പരിശോധനയ്ക്ക് വിധേയമാക്കുക. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് വിഭാഗം ശുപാർശ ചെയ്യും.
കെ.പി റോഡിൽ വിജിലൻസ്
കണ്ടെത്തിയത്
1.പതിനഞ്ചിലധികം ഇടങ്ങളിൽ അപകടകരമാം
വിധം റോഡ് ഇടിഞ്ഞുതാണു.
2.തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള അപകടക്കെണി, വാഹനങ്ങൾ തെന്നി മാറുന്നതിനും മറിയുന്നതിനും ഇടയാക്കും.
3.പൈപ്പ് ലൈൻ സ്ഥാപിച്ചപ്പോൾ ജോയിന്റുകൾ ശ്രദ്ധിക്കാതെ കൂട്ടി ചേർത്തതും മതിയായ പ്രഷർ ടെസ്റ്റ് നടത്താതിരുന്നതും റോഡ് തകർച്ചയ്ക്ക് കാരണം.
4. പഴയ പൈപ്പുമായുള്ള ബന്ധം പലയിടത്തും
വിച്ഛേദിക്കാത്തതും റോഡ് തകർച്ചയ്ക്ക് വഴിതെളിക്കുന്നു.
നവീകരണത്തിന് ചെലവഴിച്ചത്: 9.75 കോടി
വാട്ടർ അതോററ്റി നഷ്ടപരിഹാരമായി നൽകിയത്: 5.50 കോടി