പത്തനംതിട്ട: കോന്നിയിൽ മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചന ശക്തമായതോടെ അടൂർ പ്രകാശിന്റെ അനുയായികൾ പരസ്യ പ്രതിഷേധവുമായി രംഗത്ത്.
കോൺഗ്രസ് കോന്നി ബ്ളാേക്ക് കമ്മിറ്റി ഒാഫീസിനു മുന്നിൽ തടിച്ചുകൂടിയ സ്ത്രീകളടക്കമുളളവർ അടൂർ പ്രകാശ് നിർദ്ദേശിക്കുന്നയാളെ മാത്രമേ സ്ഥാനാർത്ഥിയായി അംഗീകരിക്കൂവെന്ന് പറഞ്ഞു. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒാഫീസിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അടൂർ പ്രകാശിന്റെ ആവശ്യം.
കോന്നി എ ഗ്രൂപ്പിന് വിട്ടുകൊടുത്ത് അരൂർ എെ ഗ്രൂപ്പ് ഏറ്റെടുക്കാനുളള സമവായ ചർച്ചയാണ് കെ.പി.സി.സി തലത്തിൽ നടക്കുന്നത്. അങ്ങനെവന്നാൽ പി.മോഹൻരാജ് കോന്നിയിൽ മത്സരിക്കാനാണ് സാദ്ധ്യത. എന്നാൽ, കോന്നി എ ഗ്രൂപ്പിന് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് അടൂർ പ്രകാശ്. എ ഗ്രൂപ്പിന് വിട്ടുകൊടുത്താൽ റെബൽ സ്ഥാനാർത്ഥിയെ നിറുത്തുമെന്ന് യൂത്ത് കോൺഗ്രസ് ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം റോബിൻ പീറ്ററെ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡി.സി.സി നേതൃത്വം. എെ ഗ്രൂപ്പിന് അവകാശപ്പെട്ട കോന്നിയിൽ കെ.പി.സി.സി സെക്രട്ടറി പഴകുളം മധു സ്ഥാനാർത്ഥിയാകാൻ രംഗത്തുള്ളപ്പോൾ റോബിൻ പീറ്റർക്കു വേണ്ടി അടൂർ പ്രകാശ് വാദിക്കുന്നതിൽ കഴമ്പില്ലെന്ന് നേതാക്കൾ പറയുന്നു. ഇതിനിടെ, ഡി.സി.സി പ്രസിഡന്റ് ബാബുജോർജിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കെ.പി.സി.സി നേതൃത്വത്തെ സമീപിച്ചു.