ചെങ്ങന്നൂർ: മലമുകളിലെ പാറയും പുല്ലും നിറഞ്ഞ അരഏക്കർ സ്ഥലം ഇപ്പോൾ പൊന്നുവിളയുന്ന കൃഷിഭൂമിയാണ്. കൃത്യതാ കൃഷി രീതിയിലൂടെ ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ പ്ലസ് ടു വിദ്യാർത്ഥികളാണ് തരിശുപ്രദേശത്തെ കൃഷിഭൂമിയാക്കിയത്.
കൃഷിയിടം കുന്നിൻ മുകളിലായതിനാൽ പ്രതിസന്ധി ഏറെ ആയിരുന്നു. ജലദൗർലഭ്യമായിരുന്നു പ്രധാന പ്രശ്നം. ഇത് പരിഹരിക്കാനായി കൃത്യമായി വെള്ളവും വളവും ട്യൂബ് വഴി നല്കുന്ന കൃത്യതാ കൃഷി (ഓപ്പൺ പ്രിസിഷൻ ഫാമിംഗ്) മാർഗമാണ് അവലംബിച്ചത്. പയർ, പാവൽ, വെണ്ട, പച്ചമുളക്, മത്തൻ, പടവലം തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. എസ്.പി.സിക്കുപുറമെ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റംഗങ്ങളും കൃഷിയിൽ പങ്കാളികളാണ്. ചെറിയനാട് കൃഷി ഓഫീസർ അഭിലാഷ് കരിമുളയ്ക്കലിന്റെ നിർദ്ദേശമനുസരിച്ചാണ് കൃഷി ഇറക്കിയത്. പ്രിൻസിപ്പൽ ടി. പ്രസന്നകുമാർ, അദ്ധ്യാപകരായ എൻ.ജി രാധീഷ് കുമാർ, എസ്.സ്മിത, സെൻകുമാർ, പി.ജി.ശ്രീലത അനദ്ധ്യാപകൻ വി.ബിജു എന്നിവരും വിദ്യാർത്ഥികൾക്കൊപ്പം പങ്കു ചേർന്നു.
മഹത്തായ ഒരു കാർഷിക സംസ്‌കൃതിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള ഒരു കൃഷിരീതി സ്‌കൂളിൽ ആരംഭിച്ചത്.
ബി.ബാബു
അദ്ധ്യാപകൻ