കോന്നി: അടൂർ പ്രകാശ് നിർദേശിക്കുന്നയാളെ മാത്രമേ കോന്നിയിലെ സ്ഥാനാർത്ഥിയായി അംഗീകരിക്കൂവെന്ന നിലപാടുമായി കോന്നി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഒാഫീസിനു മുന്നിൽ എെ വിഭാഗത്തിന്റെ പ്രതിഷേധം. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കാൻ കെ.പി.സി.സിയിൽ ധാരണയായെന്ന പ്രചരണം ശക്തമായതോടെയാണ് അടൂർ പ്രകാശിന്റെ അനുയായികൾ ഒാഫീസിനു മുന്നിൽ തടിച്ചുകൂടിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യാം എസ്. കോന്നി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ളാവിള എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകളടക്കമുളളവർ പ്രതിഷേധിച്ചത്. കോന്നിയിൽ അടൂർ പ്രകാശ് നടത്തിയ വികസനം മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹം നിർദേശിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം.
കോന്നി എ ഗ്രൂപ്പ് കൊടുത്ത് അരൂർ എെ ഗ്രൂപ്പ് ഏറ്റെടുക്കാൻ കെ.പി.സി. സി തലത്തിൽ ചർച്ച നടന്നതിന്റെ പിന്നാലെയാണ് കോന്നിയിൽ പ്രതിഷേധവുമായി എെ ഗ്രൂപ്പുകാർ സംഘടിച്ചത്. കോന്നി വിട്ടുകൊടുത്താൽ യൂത്ത് കോൺഗ്രസ് എെ ഗ്രൂപ്പിന്റെ റിബൽ സ്ഥാനാർത്ഥിയെ നിറുത്തുമെന്ന് മണ്ഡലം പ്രസിഡന്റ് ശ്യാം എസ്. കോന്നി പറഞ്ഞു.
എന്നാൽ, കോന്നിയിൽ പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഡി.സി. സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. പ്രതിഷേധങ്ങൾ കോൺഗ്രസിൽ സ്വാഭാവികമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ കെ.പി.സി.സിയും ഹൈക്കമാൻഡും ചേർന്ന് തീരുമാനിക്കും. ആര് സ്ഥാനാർത്ഥിയായാലും കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ബാബുജോർജ് പറഞ്ഞു.