പത്തനംതിട്ട: പാലായിൽ നിന്ന് കോന്നിയിലേക്ക് ദൂരം 73കിലോമീറ്റർ. 54 വർഷം യു.ഡി.എഫ് കുത്തയാക്കിയിരുന്ന പാല എൽ.ഡി.എഫ് പിടിച്ചെടുത്ത ചരിത്ര വിജയം കോന്നിയിൽ എൽ.ഡി.എഫിന് പ്രചരണ വിഷയമാകും.
പാലായോളം വരില്ലെങ്കിലും കോന്നിക്കുമുണ്ടൊരു കുത്തക ചരിത്രം. കോന്നി 23 വർഷമായി യു.ഡി.എഫ് കോട്ടയാണ്. രാഷ്ട്രീയ സാഹചര്യങ്ങൾ പാലയിലെ പോലെ കോന്നിയിലും മാറിമറിഞ്ഞിട്ടുണ്ട്. കെ.എം. മാണിയില്ലാത്ത പാല എൽ.ഡി.എഫിലെ മാണി പിടിച്ചെടുത്തു. കേരളകോൺഗ്രസിലെ തമ്മിലടിയും മാണി സി.കാപ്പന് തുണയായി.
കോന്നിയിലെ സ്ഥാനാർത്ഥി വിഷയത്തിൽ അടൂർ പ്രകാശ് കെ.പി.സി.സി, ഡി.സി.സി നേതൃത്വങ്ങളോട് പിണങ്ങിയതോടെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നു. കോന്നി പിടിച്ചെടുക്കാനുളള സുവർണാവസരമാണിതെന്ന് എൽ.ഡി.എഫിന്റെ വിലയിരുത്തൽ.
പാലയിൽ കേരളകോൺഗ്രസിലെ തമ്മിലടി വോട്ടെടുപ്പ് വരെയും കല്ലുകടിയായിരുന്നു. ജോസ് കെ.മാണി നിർദേശിച്ച സ്ഥാനാർത്ഥിയെ പി.ജെ. ജോസഫ് വിഭാഗം ആദ്യം അംഗീകരിച്ചില്ല. കോന്നിയിൽ അടൂർ പ്രകാശ് നിർദേശിച്ച സ്ഥാനാർത്ഥിയെ ഡി.സി.സി നേതൃത്വം വെട്ടി. അടൂർ പ്രകാശ് പറഞ്ഞ സ്ഥാനാർത്ഥിയല്ലെങ്കിൽ കോന്നിയിൽ പ്രചരണത്തിനില്ലെന്നും റിബൽ സ്ഥാനാർത്ഥിയെ നിറുത്തുമെന്നും ഭീഷണിയുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നു. ഇതെല്ലാം നേട്ടമാക്കാനുളള അടവുകളായിരിക്കും എൽ.ഡി.എഫ് പുറത്തെടുക്കുക. യുവനേതാവായ ജനീഷ് കുമാർ ആദ്യഘട്ട മണ്ഡല സന്ദർശനത്തിലാണ്.
എൻ.ഡി.എയ്ക്ക് പാലയിൽ കഴിഞ്ഞ 2016നേക്കാൾ ആറായിരം വോട്ടുകൾ കുറഞ്ഞു.
ശബരിമല പാലായിൽ ഏശിയില്ള. മോദിയുടെ വികസനവും കൊണ്ടില്ല. ഇൗ സ്ഥിതിയിൽ കോന്നിയിൽ എന്താകുമെന്നാണ് എൻ.ഡി.എയുടെ ആശങ്ക. 2016ലെ 16000 വോട്ടിൽ നിന്ന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ 46000 വോട്ടിലേക്ക് എ.ഡി.എയെ എത്തിച്ചു. ഇനി താഴോട്ടു പോയാൽ കോന്നിയിലും ബി.ജെ.പിക്ക് നാണക്കേടാകും.
>>
പാലാ ഫലം നേതാക്കൾ വിലയിരുത്തുന്നു
''
പാലയിലെ വിജയം കോന്നിയിലും ആവർത്തിക്കും. എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ ചർച്ച ചെയ്താണ് പാലയിൽ വിജയം നേടിയത്. മോദിയുടെ ജനവിരുദ്ധ നയങ്ങളും യു.ഡി.എഫിന്റെ അഴിമതി രാഷ്ട്രീയവും പറഞ്ഞു. കോന്നിയിലും അങ്ങനെതന്നെ.
കെ.പി.ഉദയഭാനു, സി.പി.എം ജില്ലാ സെക്രട്ടറി.
>>
'' പാലാ വേറെ, കോന്നി വേറെ. കോന്നി യു.ഡി.എഫിന്റെ മണ്ഡലമാണ്. പാലായിലെ തോറ്റ സാഹചര്യം കോന്നിയിലില്ല. ഇവിടെ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. സ്ഥാനാർത്ഥിയുടെ പേരിൽ കോൺഗ്രസിൽ വഴക്ക് സാധാരണമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ അത് അവസാനിക്കും.
ബാബുജോർജ്, ഡി.സി.സി പ്രസിഡന്റ്.
>>
''
പാലയിലെ ഫലം കോന്നിയിൽ പ്രതിഫലിക്കില്ല. കോന്നി എൻ.ഡി.എയ്ക്ക് മേൽക്കൈയുളള മണ്ഡലമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂവായിരത്തിൽ താഴെ വോട്ടിന്റെ കുറവാണ് യു.ഡി.എഫുമായി ഉണ്ടായിരുന്നത്. ഇത്തവണ വിജയിക്കും.
അശോകൻ കുളനട, ബി.ജെ.പി ജില്ലാ പ്രസിഡന്റ്.