പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങാൻ മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജിന് കെ.പി.സി.സിയും ഡി.സി.സിയും നിർദേശം നൽകി. പാലായിലെ യു.ഡി.എഫ് തോൽവിയുടെ സാഹചര്യത്തിൽ കോന്നി, അരൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മാറ്റം വന്നേക്കുമെന്ന് ഇന്നലെ ഉച്ചമുതൽ അഭ്യൂഹം പടർന്നിരുന്നു. കെ.പി.സി.സി നൽകിയ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിക്കാൻ വൈകിയതും യു.ഡി.എഫിൽ ക്യാമ്പിൽ അനിശ്ചിതത്വമുണ്ടാക്കി. പി.മോഹൻരാജ് തന്നെയായിരിക്കും സ്ഥാനാർത്ഥിയെന്ന് ഡി.സി.സി നേതൃത്വം വ്യക്തമാക്കി.

ഇതിനിടെ, പാർട്ടി നിർദേശത്തിന് പിന്നാലെ പി.മോഹൻരാജ് മത, സാമുദായിക നേതാക്കളെ കണ്ട് സഹായം അഭ്യർത്ഥിച്ചു. ഇന്ന് ഉച്ചയ്ക്ക് കുമ്പഴയിൽ നിന്ന് കോന്നിയിലേക്ക് റോഡ് ഷോ നടത്തും.

>>

തഴഞ്ഞിട്ടും പിണങ്ങാതെ മോഹൻരാജ്

മുൻപ് പല തവണ നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരത്തിനുളള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചയാളാണ് പി.മോഹൻരാജ്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടപോലെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം.

പത്തനംതിട്ട നഗരസഭയുടെ മുൻ ചെയർമാൻ കൂടിയായിരുന്ന പി.മോഹൻരാജിനെ 2001ൽ പത്തനംതിട്ട നിയമസഭയിലേക്ക് പരിഗണിച്ചിരുന്നു. തുടർന്ന് 2006ലും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരന്നു. 2011ൽ റാന്നി, 2016ൽ ആറൻമുള മണ്ഡലങ്ങളിലേക്കും മോഹൻരാജിനെ പരിഗണിച്ചിരുന്നു. 2009, 19 പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ പത്തനംതിട്ടയുടെ പട്ടികയിലുമുണ്ടായിരുന്നു. സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം പിന്തളളപ്പെട്ടെങ്കിലും പാർട്ടി നേതൃത്വത്തിനെതിരെ മോഹൻരാജ് പരസ്യ പ്രതിഷേധം നടത്തിയിരുന്നില്ല. നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമാണ് 63കാരനായ മോഹൻരാജ്.

>>

കെ.എസ്.യുവിലൂടെ തുടക്കം

കെ.എസ്.യുവിലൂടെ പൊതുരംഗത്ത് എത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രി, ബി.എസ് സി മാത്തമാറ്റിക്‌സ് പഠനം പൂർത്തിയാക്കി. കെ.എസ്.യു കാതോലിക്കേറ്റ് കോളേജ് യൂണിറ്റ് ജനറൽ സെക്രട്ടറി , പത്തനംതിട്ട താലൂക്ക് പ്രസിഡന്റ് , കൊല്ലം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കാതോലിക്കേറ്റ് കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. കേരള സർവകലാശാല യൂണിയൻ ആക്കൗണ്ടന്റ്‌സ് കമ്മിറ്റിയംഗം ആയിരുന്നു.
യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് , ഡി.സി.സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും ഡി.സി.സി പ്രസിഡന്റായി പതിനൊന്ന് വർഷവും പ്രവർത്തിച്ചു. 92​ൽ കെ.പി.സി.സി അംഗമായി. പത്തനംതിട്ട സർവ്വീസ് സഹകരണ ബാ​ങ്ക് പ്രസിഡന്റായിരുന്നു. നിലവിൽ പത്തനംതിട്ട അർബൻ കോ​ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാണ്.
23 വർഷം നഗരസഭ കൗൺസിലറും അഞ്ച് വർഷം പത്തനംതിട്ട നഗരസഭ ചെയർമാനും ആയിരുന്നു.
ജില്ല സ്‌പോർട്‌സ് കൗൺസിൽ അംഗമായിരുന്നു. അഴൂർ മനാഴികിഴേതിൽ വീട്ടിൽ താ​മ​സം. ഭാര്യ : ആശ മോഹൻ രാ​ജൻ. മക്കൾ : ലക്ഷ്​മി (തിരുവനന്തപുരം സൗത്ത് ഇന്ത്യൻ ബാ​ങ്ക്), ആന​ന്ദ് (ഇൻഡിഗോ, ചെന്നൈ). മരു​മക്കൾ: ബിപിൻ ജെ. നാ​യർ (റെഡ് ഓറഞ്ച്, തിരുവനന്തപുരം). ആതിര (നേവി ഓഫീസർ ചെന്നൈ).