പത്തനംതിട്ട: കോന്നിയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥിയാകുമെന്ന് സൂചന. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. സുരേന്ദ്രനെ കൂടാതെ ശോഭാ സുരേന്ദ്രൻ, അശോകൻ കുളനട എന്നിവരുടെ പേരുകളാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നൽകിയ അന്തിമ പട്ടികയിലുളളത്. സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് ആർ.എസ്.എസിന്റെ സമ്മർദ്ദമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ നടത്തിയ മുന്നേറ്റമാണ് സുരേന്ദ്രനെത്തന്നെ മത്സരിപ്പിക്കാനുളള ആലോചനയ്ക്ക് പിന്നിൽ. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 16000 വോട്ടുകളാണ് കോന്നിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഡി.അശോക് കുമാർ നേടിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ എൻ.ഡി.എയുടെ വോട്ട് നില 46506 ആയി ഉയർത്തിയിരുന്നു. മുന്നിലെത്തിയ ആന്റോ ആന്റണിയ്ക്ക് ലഭിച്ച വോട്ടുകളേക്കാൾ 3161 വോട്ടുകൾക്കായിരന്നു പിന്നിൽ. രണ്ടാം സ്ഥാനത്ത് എത്തിയ വീണാജോർജിനേക്കാൾ 440 വോട്ടുകൾക്ക് പിന്നിലായിരുന്നു സുരേന്ദ്രൻ. കോന്നി ജയസാദ്ധ്യതയുളള മണ്ഡലമായാണ് ബി.ജെ.പി വിലയിരുത്തുന്നത്.