പത്തനംതിട്ട: കോന്നിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രനെയും പ്രഖ്യാപിച്ചതോടെ പോരാട്ടത്തിന് കൊഴുപ്പേകി. തീപാറുന്ന ത്രികോണപ്പോരാട്ടത്തിന് മണ്ഡലം വേദിയാവുകയാണ്. എൽ.ഡി.എഫ് പ്രചാരണത്തിന് ചടുലത പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തി. കനത്ത മഴയിലും കോന്നി എലിയറക്കൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആവേശഭരിതമായിരുന്നു.
യു.ഡി.എഫ് പ്രചാരണത്തിന് കൊഴുപ്പേകാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നെത്തും. കോന്നി മുരിങ്ങമംഗലം ശബരി ഒാഡിറ്റേറിയത്തിൽ രാവിലെ 10നാണ് കൺവെൻഷൻ.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻരാജും എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനും ഇന്ന് കോന്നി ബ്ളോക്ക് ആഫീസിൽ പത്രിക നൽകും.
പത്രികാ സമർപ്പണത്തിനുളള അവസാന ദിവസം ഇന്നാണ്. കോന്നിയിൽ ഇതുവരെ ആരും പത്രിക നൽകിയിട്ടില്ല.
എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രനെ ഇന്നലെയാണ് ഡൽഹിയിൽ പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് അദ്ദേഹം കോന്നിയിലെത്തി.
>
എൻ.ഡി.എയ്ക്ക് ആവേശമായി സുരേന്ദ്രൻ
പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഉശിരൻ പാേരാട്ടത്തിന് ശേഷം കോന്നി ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വീണ്ടും സ്ഥാനാർത്ഥിയായി എത്തി. ശബരിമല പ്രശ്നം തിരഞ്ഞെടുപ്പ് വിഷയമാക്കിയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയത്. 46506 വോട്ടാണ് സുരേന്ദ്രൻ കോന്നിയിൽ നേടിയത്. കഠിനപരിശ്രമം നടത്തി കോന്നിയിൽ ചരിത്ര വിജയം നേടാമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രനെ തന്നെ രംഗത്തിറക്കിയത്. കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മൽ വീട്ടിൽ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനാണ് 49കാരനായ സുരേന്ദ്രൻ. എ.ബി.വി.പിയിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. ഗുരുവായൂരപ്പൻ കോളേജിൽ രസതന്ത്രത്തിൽ ബിരുദം നേടി. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായ കാലത്താണ് സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ലോക്‌സഭയിലേക്ക് കാസർഗോഡ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണയും പത്തനംതിട്ടയിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണ മത്സരിച്ച സുരേന്ദ്രൻ കഴിഞ്ഞ തവണ 89 വോട്ടിനാണ് പരാജയപ്പെട്ടത്. ശബരിമല സമരത്തിൽ 22 ദിവസം ജയിൽവാസമനുഷ്ഠിച്ചതോടെ സുരേന്ദ്രൻ വിശ്വാസി പക്ഷത്തിന്റെ പ്രിയങ്കരനായി മാറി.