k-surendran

പത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതോടെ കോന്നി നിയമസഭാ മണ്ഡലം അര നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ത്രികോണ മത്സരത്തിനൊരുങ്ങുന്നു.

സംസ്ഥാനത്ത് ബി.ജെ.പിയുടെ ജനകീയ മുഖങ്ങളിലൊന്നായ സുരേന്ദ്രൻ രംഗത്തെത്തിയതോടെ ഉപതെരഞ്ഞെടുപ്പുകളിൽ ഏറ്രവും വാശിയേറിയ മത്സരം കോന്നിയിലായിരിക്കുമെന്ന് ഉറപ്പായി. മണ്ഡലം രൂപീകരിക്കപ്പെട്ട 1965 മുതൽ മൂന്നു പതിറ്റാണ്ട് മാറിമാറി ഇടത്, വലത് മുന്നണികളെ തുണയ്ക്കുകയും 1996 മുതൽ ഇതുവരെ യു.ഡി.എഫിനൊപ്പം നിൽക്കുകയും ചെയ്ത ചരിത്രമാണ് കോന്നിയുടേത്.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കോന്നിയിൽ കഴിഞ്ഞ തിരഞ്ഞടുപ്പിൽ മുന്നണികൾ തമ്മിൽ നേ‌രിയ വോട്ടു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ മുപ്പതിനായിരത്തിലേറെ വോട്ടുകളാണ് സുരേന്ദ്രനിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയത്.

ഡി.വൈ.എഫ്.എെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു.ജനീഷ് കുമാറിനെ രംഗത്തിറക്കി എൽ.ഡി.എഫ് പ്രചാരണ രംഗത്ത് മുന്നിലാണ്. തിരഞ്ഞെടുപ്പ് കൺവെഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻ രാജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോന്നിയിലെത്തും. 65,​000- ത്താേളം ഇൗഴവ വോട്ടുകളും അരലക്ഷത്തിനടുത്ത് നായർ വോട്ടുകളും 45,000 ക്രിസ്ത്യൻ വോട്ടുകളുമാണ് മണ്ഡലത്തിലുളളത്.