തിരുവല്ല: നഗരത്തിലെ എം.സി റോസിൽ തിരുവല്ല മഴുവങ്ങാട് സ്വകാര്യ കൈയേറ്റങ്ങളെ സഹായിക്കാൻ റോഡിലേക്കിറക്കി ഓട നിർമ്മിക്കുന്നെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് നിറുത്തി വച്ചു. കെ.എസ്.ടി.പി അളന്ന് തിട്ടപ്പെടുത്തിയ ഭാഗത്തെ കല്ല് ഇളക്കി മാറ്റിയതായി ആരോപണം ഉയർന്നിരുന്നു. കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വീതി അളന്ന് തിട്ടപ്പെടുത്തിയിരുന്നതാണ്. എന്നാൽ മീൻചാപ്രക്ക് മുന്നിലുള്ള ഭാഗം ആവശ്യത്തിന് വീതിയിൽ നിർമ്മിക്കാതെ സ്വകാര്യ കൈയേറ്റക്കാരെന്ന സഹായിക്കുന്ന രീതിയിലാണ് ഓട നിർമ്മിക്കാൻ തുനിഞ്ഞത്. ഇവിടെ സർക്കാരിൽ നിന്നും വീടുകൾ അനുവദിച്ചിച്ചുള്ള ഒരു സ്വകാര്യ വ്യക്തിയെ സഹായിക്കാൻ ഈ ഭാഗത്തു മാത്രം റോഡിന്റെ വീതി കുറച്ചപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവിടെകൈയേറി താമസിക്കുന്ന മുൻ സർക്കാർ ജീവനക്കാരിയുടെ അടുത്ത ബന്ധു തിരുവല്ല പി.ഡബ്ല്യു.ഡി ആഫീസിൽ ജീവനക്കാരനാണ്. ഇയാൾ മുഖേന ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് റോഡിനുള്ള സ്ഥലം കൈയേറിയിരിക്കുന്നത്. ഇതു മൂലം ഈ ഭാഗത്ത് ഓടയുടെ ഗതി മാറ്റി റോഡിലേക്കിറക്കി ഓട നിർമ്മിക്കുന്നതിനെതിരെയാണ് പരാതി ഉയർന്നത്. നിർമ്മാണം നിറുത്തിവച്ച അധികൃതർ തിങ്കളാഴ്ച ഈ ഭാഗം വീണ്ടും അളന്ന് തിട്ടപ്പെടുത്തും. കൈയേറ്റം വീണ്ടെടുത്ത് വീതികൂട്ടി ഓട നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്.