muttathukonam

ഇലവുംതിട്ട: ദേവഗോപാലിനും ദേവലക്ഷ്മിക്കും ഇനിമുതൽ അടച്ചുറപ്പുള്ള സ്വന്തം വീട്ടിലിരുന്ന് പഠിക്കാം. വീട്ടുമുറ്റത്തെ കിണറ്റിലെ ശുദ്ധജലം കുടിക്കാം. വീ​ട്ടിലേക്കുള്ള പാത നവീകരിച്ചതോടെ യാത്രയും സുഗമമായി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഇവരുടെ ഭവന നവീകരണ സമർപ്പണ പദ്ധതി ​ ഹൃദയം ദേവാലയം മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ വീണാ ജോർജ് എം.എൽ.എ ഉദ്​ഘാടനം ചെയ്യും.
പ്രക്കാനം നിവാസികളായ ​ ഗോപകുമാർ - ​മണിയമ്മ ദമ്പ​തികളുടെ മക്കളായ ദേവഗോപാലും ദേ​വ​ലക്ഷ്മിയും മു​ട്ട​ത്തു​കോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. നിർദ്ധന കുടുംബത്തിൽപ്പെട്ട ഇവർ ശാരീരിക വെല്ലുവിളികളോ​ടെയാണ് ജനിച്ചത്. ഇരുവരുടെയും ജീവിതം വിൽചെയറിലായിരുന്നു. ​​ മുട്ടത്തുകോണം സ്‌കൂളിലെ റിസോഴ്‌സസ് അദ്ധ്യാപികയായ ടി.സി.അമ്പിളി, എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എസ്. ദിവ്യ, പൂർവവിദ്യാർത്ഥി, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായാണ് കുട്ടികളു​ടെ വീടും കിണറും വീട്ടുപാതയും നവീകരിച്ചത്.
ഭവനസമർപ്പണ ചടങ്ങിൽ ചെന്നിർക്കര ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗം എ.പി.അനു, എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സ്കൂൾ സെക്രട്ടറി പി.സി. സുദർശനൻ, പി.ടി.എ പ്ര​സിഡൻറ് പി.ജെ.ജോൺസൺ, പ്രിൻസിപ്പൽ ഡി.ശ്രീജ, ഹെ​ഡ്മാസ്റ്റർ എസ്.സന്തോഷ് എന്നിവർ പ്രസംഗിച്ചു.