കോന്നി : ഭരണം ഉപയോഗിച്ച് ആർ.എസ്.എസിന്റെ നിലപാടുകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കോന്നി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിർക്കുന്നവരെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്റെ മതനിരപേക്ഷതയും ഐക്യവും തകർക്കും. ഇതെല്ലാം കണ്ടിട്ടും രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ്.ബി.ജെ.പിയെ ചോദ്യം ചെയ്യാൻപോലും കോൺഗ്രസ് തയ്യാറാകുന്നില്ല. ബി.ജെ.പിക്ക് ഒപ്പം ചേർന്ന് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ കോൺഗ്രസും ശ്രമിക്കുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനോടകം ബി.ജെ.പിയിൽ ചേർന്നതും ഇതിന് തെളിവാണ്. കോൺഗ്രസ് ബി.ജെ.പിയുടെ പിണിയാളുകളായി മാറിക്കഴിഞ്ഞു. പാർലമെന്റിൽ അംഗബലം കുറവാണെങ്കിലും ഇടതുമുന്നണി മാത്രമാണ് ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ചോദ്യം ചെയ്തിട്ടുള്ളത്.

പാവപ്പെട്ടവരെ ദ്രോഹിക്കുകയും കോർപ്പറേറ്റുകളുടെ മാത്രം സംരക്ഷകരുമായി ബി.ജെ.പി സർക്കാർ മാറുന്നു. ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ കുത്തകകൾക്ക് കോടികളുടെ ആനുകൂല്യങ്ങൾ വരിക്കോരി നൽകുന്നു. എല്ലാ മേഖലകളും സ്തംഭനത്തിലാണ്. കാർഷിക വിപണി തകർന്നു. ഇന്ധനവില കുതിച്ചുയരുന്നു. ജനങ്ങളെ ഇങ്ങനെ കൊള്ളയാടിയ്ക്കാമെന്നാണ് മോദി സർക്കാർ നോക്കുന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കോടികൾ മുടക്കി പ്രധാന മന്ത്രി അമേരിക്കൽ പോയി ഹൗഡി മോദി സംഘടിപ്പിച്ചത്.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ വലിയ തോതിലുള്ള ഭീഷണിയാണ് നേരിടുന്നത്. എഴുതപ്പെട്ട ഭരണഘടന ഉണ്ടെങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ബി.ജെ.പി സർക്കാരിന്റെ നിലപാട്. അവർ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നു. ആശങ്കകളും ഭീതിയും ജനിപ്പിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ വലിയ തോതിൽ ശ്രമം നടക്കുന്നു. കാശ്മീർ വിഷയത്തിൽ പോലും കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. അഭിപ്രായം പറയാൻ പോലും പകച്ചുനിൽക്കുന്നു. ബി.ജെ.പി നിലപാടുകൾ ശരിവയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.ബി.ജെ.പിയുടെ വെല്ലുവിളികളെ നേരിടാൻ ഇടതുപക്ഷത്തിന് മാത്രമെ കൂഴിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

സി.പി. ഐ മണ്ഡലം സെക്രട്ടറി പി.ആർ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാർ, മന്ത്രിമാരായ എം.എം.മണി, എ.കെ.ശശിന്ദ്രൻ, കെ.രാജു, എം.എൽ.എമാരായ സി.ദിവാകരൻ, മാത്യു.ടി. തോമസ്, കോവൂർ കുഞ്ഞുമോൻ, കെ.ബി. ഗണേഷ് കുമാർ, വീണാജോർജ്ജ്, നിയുക്ത പാലാ എം.എൽ.എ മാണി.സി. കാപ്പൻ, കെ.കെ. രാകേഷ് എം.പി, എൽ.ഡി.എഫ് നേതാക്കളായ പി.പി. ജോർജ്ജ്കുട്ടി, പി.സി. ജോസഫ്, സ്‌കറിയ തോമസ്, ഡോ.വർഗീസ് ജോർജ് ,എം.എ. ലത്തീഫ് , ഡി.വൈ.എഫ്.എ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, സി.പി.എം സംസ്ഥാന സെക്രട്ടറിയേ​റ്റംഗങ്ങളായ കെ.ജെ. തോമസ്, കെ.എൻ. ബാലഗോപാൽ , ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മി​റ്റിയംഗങ്ങളായ കെ. അനന്തഗോപൻ, ആർ. ഉണ്ണികൃഷ്ണപിള്ള, കെ. രാജഗോപാൽ, എസ്.രാജേന്ദ്രൻ, ബി.രാഘവൻ, എം. ചന്ദ്രൻ ,സൂസൻ കോടി, മണ്ഡലം കൺവീനർ പി.ജെ. അജയകുമാർ , ഏരിയാ ആക്ടിംഗ് സെക്രട്ടറി ശ്യാംലാൽ എന്നിവർ പ്രസംഗിച്ചു.