പത്തനംതിട്ട : മഴകൂടി പെയ്തതോടെ കുളമേത് കരയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് പുല്ലാട് - മല്ലപ്പള്ളി റോഡിന്. ചിലയിടങ്ങളിൽ വെള്ളം നിറഞ്ഞ് റോഡ് കാണാൻ പോലുമാകില്ല.

ഗർഭിണികൾ, പ്രായമായവർ, കുഞ്ഞുകുട്ടികൾ എന്നിവരൊന്നും ഈ റോഡിലൂടെ വരാറേയില്ല. കുറച്ചു ദൂരം കൂടുതൽ ആണെങ്കിലും മറ്റ് വഴികളിലൂടെയാണ് ഇവർ കോഴഞ്ചേരി, പുല്ലാട്, മല്ലപ്പള്ളി, തിരുവല്ല എന്നിവിടങ്ങളിലൊക്കെ എത്തുന്നത്.

വലിയ അപകടഭീഷണിയിലാണ് ഇപ്പോൾ റോഡ്. കളക്ടറടക്കം ഇടപ്പെട്ടെങ്കിലും റോഡ് പണി അനിശ്ചിതത്വത്തിലാണ്. വേഗം തീരുമാനമെടുക്കണമെന്ന് കളക്ടറുടെ നിർദേശം ഉണ്ടെങ്കിലും സർക്കാരിന്റെ ഫണ്ട് ലഭിക്കാതെ പണി തുടങ്ങാൻ കഴിയില്ലെന്ന് ദേശീയ പാത അതോറിട്ടി തറപ്പിച്ച് പറയുന്നു.

കീഴ്വായ്പ്പൂര് നെയ്തേലിപ്പടി, വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസ്, വെള്ളാറയിൽ ജംഗ്ഷൻ, കോതകുളം, പുരയിടത്തുംകാവ്, ചാലുവാതിൽക്കൽ, കോയിപ്രം ബ്ലോക്ക് ഓഫീസ് പടി എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.

" ദേശീയ പാത അതോറിട്ടിയ്ക്ക് കൈമാറിയ റോഡാണിത്. സർക്കാർ ഫണ്ട് നൽകിയാലെ നിർമ്മാണം തുടങ്ങാൻ സാധിക്കൂ എന്നാണ് ദേശീയ പാത അതോറിട്ടിയുടെ നിലപാട്. പി.ഡബ്യൂ.ഡി വിഭാഗം, മന്ത്രിയുടെ ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അധികം വൈകാതെ പണി ആരംഭിക്കും. "

പി.ബി നൂഹ്,

ജില്ലാ കളക്ടർ

"നിരവധി സ്കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ളവർ പുല്ലാട് - മല്ലപ്പള്ളി റോഡിനെ ആശ്രയിക്കുന്നു. ഇരുചക്രവാഹനമടക്കം നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. തകർച്ച കാരണം ഇപ്പോൾ റോഡിൽ വാഹനങ്ങൾ കുറവാണ്. കൃത്യസമയത്ത് അധികൃതർ ഇക്കാര്യത്തിൽ ഇടപ്പെടാത്തതാണ് ഈ വിഷയം ഇത്ര വഷളായത്. "

അനൂപ് കുമാർ എസ്.

(അദ്ധ്യാപകൻ, പ്രദേശവാസി)

12 കി.മീറ്റർ റോഡ്