പന്തളം: ഓൺലൈൻ വഴിമാത്രം ലഭിക്കുന്ന ഒസിബി പേപ്പർ റോളിൽ കഞ്ചാവ് നിറച്ച് ഉപയോഗിക്കുന്ന രീതി പ്രചരിപ്പിച്ചതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഇലവുംതിട്ട അർച്ചന ഭവനിൽ അജീഷ് (32), ചെന്നീർക്കര പാമോഡിയിൽ ജോബിൻ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പന്തളം പൂഴിക്കാട് നിന്നാണ് ഇരുവരും പിടിയിലായത്. ഇത്തരത്തിൽ കഞ്ചാവുപയോഗിക്കുന്ന യുവാക്കളുടെയും വിദ്യാർത്ഥികളുടെയും എണ്ണം വർദ്ധിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. പന്തളം, പത്തനംതിട്ട, റാന്നി, വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ് അജീഷ്. ഇവർക്ക് കഞ്ചാവ് വിൽപ്പനയ്ക്ക് സഹായം ചെയ്യുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.