>>

കോന്നി: യു.ഡി.എഫിന്റെ കോന്നി നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ അടൂർ പ്രകാശിന് അനുയായികളുടെ ആവേശകരമായ സ്വീകരണം. മുദ്രാവാക്യം വിളിച്ചും കയ്യടിച്ചുമാണ് കൺവെൻഷൻ നടന്ന മുരിങ്ങമംഗലം ഒാഡിറ്റോറിയത്തിലേക്ക് അടൂർ പ്രകാശിനെ വരവേറ്റത്. കൺവെൻഷൻ തുടങ്ങിയ ശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒാഡിറ്റോറിയത്തിലെത്തി. ഇൗ സമയം അടൂർ പ്രകാശ് എത്തിയിരുന്നില്ല. അദ്ദേഹത്തെ കാത്ത് ഇരുപത് മിനിട്ടോളം മുല്ലപ്പളളിയും രമേശ് ചെന്നിത്തലയും ഒാഡിറ്റോറിയത്തിന് പുറത്ത് കാത്തുനിന്നു. അടൂർ പ്രകാശും അദ്ദേഹം നിർദേശിച്ച സ്ഥാനാർത്ഥി റോബിൻ പീറ്ററും വന്നപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പൊതിഞ്ഞു. നേതാക്കൾക്കൊപ്പം വേദിയിലേക്ക് കയറിയ അടൂർ പ്രകാശിനെ സ്ഥാനാർത്ഥി പി.മോഹൻരാജ് ആലിംഗനം ചെയ്ത് സ്വീകരിച്ചു.

കോന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ കെ.പി.സി.സി തന്നോട് അഭിപ്രായം ചോദിച്ചപ്പോൾ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററുടെ പേര് നിർദ്ദേശിച്ചത് അബദ്ധമായതായി ഇപ്പോൾ തേന്നുന്നെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററുടെ പേരായിരുന്നു അടൂർ പ്രകാശ് നൽകിയത്.

23 വർഷം മലയോര മേഖലയായ കോന്നിയിൽ വികസന പ്രവർത്തങ്ങൾ നടത്തി. ജീവിതകാലം മുഴുവൻ കോന്നിയിലെ ജനങ്ങളോട് കപ്പാടുണ്ടാകും. എന്നെ ഞാനാക്കിയത് കോന്നിയാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൂരിലെ ബൂത്തിൽ ആന്റോ ആന്റണിക്ക് വോട്ട് ചെയ്തിട്ടാണ് ആറ്റിങ്ങലിലേക്ക് പോയത്. ജാതി, മത ചിന്തകൾക്കതീതമായ ബന്ധമാണ് ജനങ്ങളുമായുള്ളത്. നിയോജക മണ്ഡലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ചു.പി.മോഹൻരാജിനെതിരെ താൻ പ്രവർത്തിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു.