robbery
തിരുവല്ലയിൽ മോഷണം നടന്ന ജയലക്ഷ്മി ട്രാവല്സിൽ വിരലടയാള വിദഗ്ദർ പരിശോധന നടത്തുന്നു

തിരുവല്ല: നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തെ ആറുകടകളിൽ മോഷണം..പണവും സാധനങ്ങളും കവർന്നു. നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ടോം സൺസ് വാഹന പുക പരിശോധന കേന്ദ്രം, ജയലക്ഷ്‍മി ട്രാവൽസ്, ഹാന്റക്‌സ്, ആശ്രയ മെഡിക്കൽ സ്റ്റോർ, ആര്യാ പൂക്കട, ഫ്രൂട്സ് സ്റ്റാൾ,എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ടോം സൺസിൽ നിന്ന് അഞ്ഞൂറോളം രൂപയും പെയിൻ ആൻഡ് പാലിയേറ്റിവിന്റെ പണപ്പെട്ടിയും കവർന്നു. ജയലക്ഷ്മിയിലും മെഡിക്കൽ സ്റ്റോറിലും മറ്റും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. പൂട്ട് തകർത്തെങ്കിലും ഹാന്റക്‌സിന്റെ ഉള്ളിൽ കയറാൻ സാധിച്ചില്ല. മറ്റു കടകളിലും ചെറിയ തുകകൾ നഷ്ടമായി. കടകളുടെയെല്ലാം പൂട്ടുകൾ തകർത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. പത്തനംതിട്ടയിൽ നിന്ന് ശ്രീജയുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദർ പരിശോധന നടത്തി. സമീപത്തെ കടയുടെ കാമറയിൽ മുഖംമൂടി ധരിച്ച ഒരാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇയാളുടെ പക്കൽ ഇരുമ്പ്ദണ്ഡും കാണാം. കൂടുതൽ പേർ മോഷണ സംഘത്തിൽ ഉണ്ടോയെന്നും വ്യക്തമല്ല. എന്നാൽ കാമറയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് എസ്.ഐ ബിജു ജോൺ പറഞ്ഞു.