മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
പരവൂർ: പരവൂർ - പാരിപ്പള്ളി റോഡിലെ ഒല്ലാൽ റെയിൽവേ ലെവൽക്രോസ് ജനങ്ങൾക്ക് തലവേദനയായിട്ട് കാലമേറയാകുന്നു. തുടർച്ചയായുള്ള ഗേറ്റടവിന് പുറമെ ഗേറ്റിന്റെ അടിക്കടിയുള്ള തകരാറും കൂടിയായപ്പോൾ യാത്രക്കാർ പെരുവഴിയിലാവുകയാണ്.
മിക്ക ദിവസങ്ങളിലും ട്രെയിൻ കടന്നുപോകാൻ ഇരുപത് മിനിട്ടോളമാണ് ഗേറ്റ് അടച്ചിടുന്നത്. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനായി പരവൂരിൽ ട്രെയിനിലെത്തുന്ന രോഗികളുൾപ്പെടെ ഇവിടെ കുരുങ്ങുന്നത് പതിവ് കാഴ്ചയായി മാറി. മാസങ്ങൾക്ക് മുമ്പ് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോയ വാഹനം ഗേറ്റടവ് കാരണം വഴിയിലായപ്പോൾ രോഗിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവവും ഇവിടയുണ്ടായിട്ടുണ്ട്.
പാരിപ്പള്ളി മെഡിക്കൽ കോളേജ്, മീനമ്പലം യു.കെ.എഫ് എൻജിനിയറിംഗ് കോളേജ്, മറ്റ് സ്കൂളുകൾ, കലയ്‌ക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികളുൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന ഇതുവഴി യാത്ര ചെയ്യുന്നത്. തുടർച്ചയായ ഗേറ്റടവ് മൂലം ഇവരെല്ലാം ബുദ്ധിമുട്ടുകയാണ്. കൂടാതെ പാരിപ്പള്ളി, കലയ്‌ക്കോട്, പൂതക്കുളം, ഊന്നിൻമൂട്, നെല്ലേറ്റിൽ ഭാഗങ്ങളിലേക്ക് ബസിൽ പോകുന്നവരുടെ കാര്യവും ദയനീയമാണ്.
തുടർച്ചയായ തകരാറുകൾ മൂലം മെയിന്റനൻസിനായി രണ്ടും മൂന്നും ദിവസം വരെയാണ് ഗേറ്റടച്ചിടുന്നത്. ലെവൽക്രോസ് പണിമുടക്കുന്നത് പതിവായതോടെ ഒല്ലാലിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യമുയർന്നിരുന്നു. മേൽപ്പാലം നിർമ്മിക്കാൻ റെയിൽവേ പച്ചക്കൊടി കാട്ടിയെങ്കിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അടിയന്തരമായി മേൽപ്പാലം നിർമ്മിക്കണം
28 സൂപ്പർ ഫാസ്റ്റ്, 48 എക്സ്പ്രസ്, 6 പാസഞ്ചർ, 2 മെമു, കൂടാതെ ആഴ്ചയിൽ രണ്ട് പ്രാവശ്യം വരെ ഓടുന്ന ട്രെയിനുകളും ചരക്ക് വണ്ടികളും കടന്നുപോകുന്നതിനാൽ ഒല്ലാൽ ലെവൽ ക്രോസ് മണിക്കൂറുകളോളം അടച്ചിടുന്നത് പതിവാണ്. ട്രെയിൻ കടന്നുപോകാൻ ഏറെ സമയം എടുക്കുന്നതിനാൽ ലെവൽ ക്രോസിൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.
ജി. ദിനേശ് മണി (ജനറൽ സെക്രട്ടറി, മർച്ചന്റ്‌സ് അസോസിയേഷൻ)