navas
കടപുഴ-കാരാളിമുക്ക് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പുറമ്പോക്കിലെ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയ നിലയിൽ

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ പ്രധാന പാതയായ കടപുഴ-കാരാളിമുക്ക് റോഡിന്റെ നവീകരണം ആരംഭിച്ചു. റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കൽ ജോലികളാണ് പുരോഗമിക്കുന്നത്. അഞ്ചരമീറ്റർ വീതിയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള ഫണ്ടുപയോഗിച്ച് നടത്തുന്ന നവീകരണത്തിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.

സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി പുറമ്പോക്കിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും മതിലുകളും കെട്ടിടങ്ങളും പൊളിച്ചു മാറ്റുകയും ചെയ്തു. ഓടകളുടെയും പാർശ്വഭിത്തികളുടെയും പാലങ്ങളുടെയും നിർമ്മാണം വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടതായി പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭ അറിയിച്ചു.

പഞ്ചായത്തിന്റെ രണ്ട് അതിർത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കടപുഴ-കാരാളിമുക്ക് റോഡ്. ഇതിന്റെ വീതി വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണ്. റോഡിന്റെ വികസനം പൂർണമാകുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമൊരുങ്ങുമെന്നും കൂടുതൽ ബസ് സർവീസുകൾ അടക്കം ആരംഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.