കൊല്ലം: ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടിൽ സംസ്ഥാന സർക്കാരിന് മാറ്റമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ പിണറായി സർക്കാരിന്റെ നിലപാട് പൂർണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് മൂന്ന് മാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹം വിധിയെഴുതിയത്.
ജനകീയ കോടതിയുടെ വിധി യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊണ്ട് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട മുഖ്യമന്ത്രി സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ ഭാഷയിൽ സംസാരിക്കുന്നത് പദവിക്ക് യോജിച്ചതല്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് കടകവിരുദ്ധമായി മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത് സർക്കാരും പാർട്ടിയും രണ്ട് വഴിക്കാണെന്നതിന്റെ തെളിവാണ്. അടുത്ത് നടക്കാൻ പോകുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹം വീണ്ടും സർക്കാർ ശബരിമല വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന ധാർഷ്ട്യത്തിനെതിരെ പ്രതികരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.