പത്തനാപുരം: രോഗം തളർത്തിയ വയോധികന് തുണയായി പത്തനാപുരം ഗാന്ധിഭവൻ. പെരുമ്പുഴ നല്ലില പാലവിള കിഴക്കേതിൽ ഡി. ബാബുവിനെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. കൂലിവേലക്കാരനായ ബാബു വിവാഹതിനാണെങ്കിലും ഭാര്യയോടും മക്കളോടും അകന്ന് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മാതാപിതാക്കൾ മരിച്ചതോടെയാണ് ഇദ്ദേഹം ഒറ്റയ്ക്കായി.
ഒരു ദിവസം ജോലിക്കു പോകാനിറങ്ങിയ ബാബുവിനെ ആയൂരിൽ വച്ച് ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇടതുകാലിനേറ്റ ക്ഷതത്തിനു കമ്പിയിട്ടതോടെ പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയായി, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തെങ്കിലും പോകാനിടമില്ലാത്ത ബാബുവിന്റെ അവസ്ഥ ഒരു നഴ്സാണ് ഇയാളുടെ അകന്ന ബന്ധുവിനെ അറിയിച്ചത്. ബന്ധു ഈ വിവരം കുളപ്പാടം പഞ്ചായത്തു പ്രസിഡന്റിനെയും പൊലീസ് സ്റ്റേഷനിലും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനുമായി ബന്ധപ്പെട്ടതോടെയാണ് ബാബുവിനെ ഗാന്ധിഭവൻ ഏറ്റെടുത്തത്.