collectorate
കളക്ടർ ബി. അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് വളപ്പ് ശുചീകരിക്കുന്നു

കൊല്ലം:കളക്ടറേറ്റ് പരിസരം വൃത്തിയാക്കാൻ കളക്ടർ ബി. അബ്ദുൽ നാസർ നേരിട്ടിറങ്ങി. അവധിദിനമായ ഇന്നലെ അദ്ദേഹം തുമ്പയെടുത്ത് ചെത്തിമിനുക്കി തുടങ്ങിയപ്പോൾ വിവിധ വകുപ്പുകളിലെ ജീവനക്കാരും ഒപ്പം ചേർന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്ച്ചെടികളും മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമായി. മാലിന്യ രഹിതമായ ഓഫീസ് പരിസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ

കളക്‌ടറേറ്റിലെ ഉദ്യാന പരിസരത്ത് നിന്നായിരുന്നു ശുചീകരണം തുടങ്ങിയത്. ഞായറാഴ്ചയായിട്ടും ഇരുനൂറോളം ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണത്തിൽ പങ്കാളികളായി. വിവിധ ഓഫീസുകളുടെ മുന്നിൽ കുന്നുകൂടിയിരുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളും ഒരുപരിധി വരെ നീക്കം ചെയ്തു.
എല്ലാ ഓഫീസുകളും കളക്ടർ സന്ദർശിച്ചു. ഉപയോഗമില്ലാതെ ശേഷിക്കുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യാൻ മേധാവികൾക്ക് നിർദ്ദേശം നൽകി. ജൈവ, അജൈവ വസ്തുക്കൾ തരംതിരിച്ചാണ് ശുചീകരണം. ശേഖരിക്കുന്ന മാലിന്യം പാഴ്‌വസ്തു വ്യാപാരികൾക്ക് കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി ഓഫീസ് പരിസരം മലിനമാക്കുന്നവർക്കെതിരെ കർശന നടപടിയും ഉണ്ടാകും. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്‌ടറേറ്റിന്റെ മട്ടുപ്പാവിൽ ജിംനേഷ്യം സ്ഥാപിക്കും. പുൽത്തകിടി നിർമ്മിച്ച് അങ്കണം മനോഹരമാക്കും. ഓരോ നിലയിലെയും ശുചീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് അതത് നിലയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ടീം രൂപീകരിക്കും. കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറിത്തോട്ടവും സ്ഥാപിക്കും.

ശുചീകരണം തുടർപ്രക്രിയയായിരിക്കണമെന്നും കളക്ടറേറ്റ് മാതൃകാ ഓഫീസാക്കി മാറ്റണമെന്നും ശുചീകരണം ഉദ്ഘാടനം ചെയ്തുകൊണ്ട് കളക്ടർ പറഞ്ഞു. സബ് കളക്ടർ അനുപം മിശ്ര, എ.ഡി.എം പി.ആർ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.