കൊല്ലം: പൊതുമേഖലാ ബാങ്കുകളുടെ ലയന തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ആയിരക്കണക്കിന് ബാങ്ക് ശാഖകൾ അടച്ചുപൂട്ടാനും സേവനം കുറയ്‌ക്കാനും മാത്രമേ ലയനം ഉപകരിക്കുകയുള്ളൂവെന്ന് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി അഭിപ്രായപ്പെട്ടു. 2500 ഓളം ശാഖകൾ പൂട്ടിയതും 42 ലക്ഷം അക്കൗണ്ടുകൾ അവസാനിപ്പിച്ചതും സേവനനിരക്കുകൾ വർദ്ധിപ്പിച്ചതും വായ്‌പാ നിക്ഷേപ അനുപാതം കുത്തനെ കുറഞ്ഞതുമാണ് എസ്.ബി.ടി ഉൾപ്പെടെയുളള അഞ്ച് ബാങ്കുകൾ ലയിപ്പിച്ചശേഷം എസ്.ബി.ഐയിൽ സംഭവിച്ചത്. ചെറിയ ഇടപാടുകാരും ഉദ്യോഗാർത്ഥികളും ലയനത്തിന്റെ ഏറ്റവും വലിയ ഇരകളായി മാറും.
ജീവനക്കാരുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യു.എഫ്.ബി.യു ജില്ലാ കൺവീനർ യു.ഷാജി അദ്ധ്യക്ഷത വഹിച്ചു.
എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.അൻസാരി ഉദ്ഘാടനം ചെയ്‌തു. എൻ.സി.ബി.ഇ ജില്ലാ സെക്രട്ടറി ബാബുരാജ്, എ.ഐ.ബി.ഒ.സി ജില്ലാ സെക്രട്ടറി രതീഷ്, ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വേണുഗോപാൽ, എസ്. രാമകൃഷ്‌ണൻ,വി.ജയകുമാർ, ജി.സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.