kinar

 കാരണം പഠനവിധേയമാക്കണമെന്ന് ജില്ലാ വികസന സമിതിയിൽ മുല്ലക്കര രത്നാകരൻ

കൊല്ലം: ജില്ലയിൽ താരതമ്യേന മെച്ചപ്പെട്ട മഴ ലഭിച്ചിട്ടും കിണറുകളിൽ ആവശ്യത്തിന് ജലനിരപ്പ് ഉയരുന്നില്ല.കാരണം പഠന വിധേയമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ മുല്ലക്കര രത്നാകരൻ എം.എൽ.എയുടെ നിർദേശം. നാടിനെ കൊടും വരൾച്ചയിലേക്ക് നയിക്കുന്ന ഈ പ്രതിഭാസത്തെ കുറിച്ച് ശാസ്ത്രീയമായ പഠനം അനിവാര്യമാണ്. ശാസ്‌താംകോട്ട തടാകത്തിലേക്കുള്ള നീരൊഴുക്ക് കുറയുന്നത് പരിഹരിക്കാൻ പഠനവും അതിനെ തുടർന്നുള്ള നടപടികളും വേണമെന്നും മുല്ലക്കര പറഞ്ഞു.

പെരുമഴ ഏറെ ദുരിതമുണ്ടാക്കിയ കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലെ കൃഷിനാശം തിട്ടപ്പെടുത്തി ധനസഹായം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ബി.അബ്ദുൽനാസർ യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോവൂർ കുഞ്ഞുമോൻ എം.എൽ.എയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്.

 ശാസ്‌താംകോട്ട തടാകത്തിൽ നിന്നും പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്ന വെള്ളത്തിൽ ദുർഗന്ധം മാലിന്യവുമുണ്ടെന്ന പരാതി എൻ.വിജയൻപിള്ള എം.എൽ.എ ഉന്നയിച്ചു. തടാക ജലത്തിൽ മാലിന്യങ്ങൾ ഇല്ലെന്ന നിലപാടിലായിരുന്നു ജല അതോറിറ്റി

ബൈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ മുന്നറിയിപ്പില്ലാതെ പിൻവലിക്കരുതെന്നും ഇക്കാര്യത്തിൽ ജനപ്രതിനിധികളുമായി കൂടിയാലോചനകൾ വേണമെന്നും ആർ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. കരുനാഗപ്പള്ളിയിൽ ആറ് സർവീസുകളാണ് ഇത്തരത്തിൽ നിറുത്തിയത്. പുനസ്ഥാപിക്കാൻ ഏറെ ഇടപെടലുകൾ നടത്തേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

 കിഫ്ബി പദ്ധതികളിൽ ഉദ്യോഗസ്ഥ തലത്തിൽ കൂടുതൽ സംഘാടനം ആവശ്യമാണെന്നും നിർമ്മാണങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ജി.എസ്.ജയലാൽ എം.എൽ.എ ആവശ്യപ്പെട്ടു. പൊഴിക്കര ടൂറിസം പദ്ധതിയുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലം ജില്ലാ ആശുപത്രിയിൽ അധിക തസ്‌തിക അനുവദിച്ച് കാർഡിയോളജിസ്റ്റിനെയും ന്യൂറോളജിസ്റ്റിനെയും നിയമിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവൽ ആവശ്യപ്പെട്ടു.