പവർ യൂണിറ്റ് ഭാഗികമായി കത്തിനശിച്ചു
മൂന്ന് ലക്ഷം രൂപയുടെ കേബിളുകൾ അഗ്നിക്കിരയായി
കൊല്ലം: കല്ലുപാലത്തിന് സമീപം നടപ്പാലത്തിനടുത്ത് കൊല്ലം തോടിന്റെ കരയിൽ പാർക്ക് ചെയ്തിരുന്ന പവർ യൂണിറ്റ് ലോറി സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ലോറിയുടെ കാബിനും ഉള്ളിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ വിലയുള്ള വൈദ്യുതി കേബിളുകളും പൂർണമായും കത്തിനശിച്ചു. ലോറിയിലുണ്ടായിരുന്ന 125 കിലോ വാട്സ് ശേഷിയുള്ള പവർ ജനറേറ്ററും ഭാഗികമായി നശിച്ചു.
ഇന്നലെ പുലർച്ചെ 2.20 ഓടെയായിരുന്നു സംഭവം. കൊല്ലത്തെ പ്രമുഖ സൗണ്ട് സിസ്റ്റം ഉടമയുടേതാണ് അഗ്നിക്കിരയായ ലോറി. ഉടമയുടെ വീടിന് മുന്നിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്. ഉഗ്രശബ്ദം കേട്ട് ഉണർന്ന ഉടമ കണ്ടത് ലോറി കത്തുന്നതാണ്. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ചാമക്കടയിലെ ഫയർഫോഴ്സ് സംഘം അരമണിക്കൂറോളമെടുത്താണ് തീ കെടുത്തിയത്.
ഡ്രൈവറുടെ സീറ്റിന്റെ ഭാഗത്ത് നിന്നാണ് തീ വ്യാപിച്ച് തുടങ്ങിയതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ലോറിയിലെ ബാറ്ററി ഊരി മാറ്റി വച്ചിരുന്നതിനാൽ ഷോർട്ട് സർക്യൂട്ടിനുള്ള സാദ്ധ്യതയില്ല. ആരോ ബോധപൂർവ്വം തീയിട്ടെന്നാണ് സംശയം. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി ഉടമ പറയുന്നു. എന്നാൽ, നാലു ലക്ഷം രൂപയാണ് ഫയർഫോഴ്സ് കണക്കാക്കുന്ന നഷ്ടം.
സംശയിക്കുന്നവരുടെ വിവരങ്ങൾ ലോറിയുടെ ഉടമ പൊലീസിന് കൈമാറിയിട്ടുണ്ട്. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചാമക്കട ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ജഗുഫർ, ഫയർമാൻമാരായ സുഭാഷ്, മനോജ്, ആദർശ്, രാജേഷ്, ഫയർമാൻ ഡ്രൈവർ നാസിമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.