പുനലൂർ: ഓണത്തിന് മുന്നോടിയായി ട്രെയിനിൽ നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 135 കുപ്പി വിദേശ മദ്യവുമായി മൂന്ന് യുവാക്കളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്വദേശികളായ ശങ്കർ ഗണേശ്(26), നന്ദരാജൻ(27), ഭൂതനാർ(24) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 7.15ന് ചെന്നൈ- എഗ്മോർ ട്രെയിനിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പോണ്ടിച്ചേരിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ കടത്തുന്നത് കണക്കിലെടുത്ത് എക്സൈസുമായി ചേർന്ന് ട്രെയിനിൽ പരിശോധന കർശനമാക്കുമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പൊലീസ് ഇൻസ്പെക്ടർ ജയകുമാർ അറിയിച്ചു. പുനലൂർ റെയിൽവേ അഡിഷണൽ സബ് ഇൻസ്പെക്ടർ ഷാജഹാൻ, ഇന്റലിജൻസ് സി.പി.ഒ രവിചന്ദ്രൻ, സി.പി.ഒ സുജിത്ത്, എ.എസ്.ഐമാരായ സന്തോഷ്, ജെൺസൻ, എസ്.സി.പിഒമാരായ സജി, റഹീം, സജിൽ സന്തോഷ്, ദീപു തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.