കരുനാഗപ്പള്ളി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ പ്രകൃതി ജീവനക്യാമ്പും മറ്റ് പരിപാടികളും സംഘടിപ്പിക്കും. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ, സീനിയർ ജേർണലിസ്റ്റ് യൂണിയൻ, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളുടെ തുടർച്ചയാണ് കരുനാഗപ്പള്ളിയിൽ നടക്കുന്നത്.
സെപ്തംബർ 29ന് നടക്കുന്ന പരിപാടിയുടെ ഭാഗമായി ഗാന്ധി സ്മൃതി, സെമിനാർ, മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, പ്രകൃതിജന്യ ഭക്ഷണമൊരുക്കൽ തുടങ്ങിയവ സംഘടിപ്പിക്കും. ആഘോഷ പരിപാടിയുടെ വിജയത്തിനായി ലാലാജി ഗ്രന്ഥശാല ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.ബി. ശിവൻ ഉദ്ഘാടനം ചെയ്തു.
പെൻഷണേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ സ്വാഗതം പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ് പരിപാടി വിശദീകരിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. രാജൻ ബാബു, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, പ്രസന്നകുമാർ, കെ. രാജേന്ദ്രൻ, വി.പി. ജയപ്രകാശ് മേനോൻ, പി.കെ. ഗോപാലകൃഷ്ണൻ, ഭേഷജം പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി.പി. ജയപ്രകാശ് മേനോൻ (ചെയർമാൻ), വി. വിജയകുമാർ (കൺവീനർ).