പുനലൂർ: ഓണത്തിന് മുന്നോടിയായി ടൗണിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പുനലൂർ ടി.ബി ജംഗ്ഷൻ മുതൽ ചെമ്മന്തൂർ വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം കർശനമാക്കാൻ നഗരസഭ ഹാളിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചു. നഗരസഭ ചെയർമാൻ കെ. രാജശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുനലൂർ ഡിവൈ. എസ്.പി അനിൽദാസ്, സി.ഐ ബിനുവർഗ്ഗീസ്, എസ്.ഐ ജെ.രാജീവ് തുടങ്ങി പൊലീസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും, സാമൂഹിക, സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുത്തു. വൺവേ സംവിധാനം, അനധികൃത പാർക്കിംഗിനുള്ള നിയന്ത്രണം, ബസുകളിൽ ആളുകളെ കയറ്റിയിറക്കുന്നതിനുള്ള നിയന്ത്രണം തുടങ്ങിയവയാണ് യോഗം ചർച്ച ചെയ്തത്.
സംവിധാനങ്ങൾ ഇങ്ങനെ.......
ചെമ്മന്തൂർ, കെ.എസ്.ആർ.ടി.സി, ടി.ബി.ജംഗ്ഷൻ തുടങ്ങിയ പാതയോരങ്ങളുടെ ഇടതുവശത്ത് പാർക്കിംഗ് അനുവദിക്കില്ല
മാർക്കറ്റ് റോഡിൽ വൺവേ സംവിധാനവും കർശനമാക്കും
പോസ്റ്റ് ഓഫീസ് കവലയിലെ പെട്രോൾ പമ്പിൽ നിന്ന് മാർക്കറ്റ് ജംഗ്ഷനിലേക്കുളള പാതയിലും വൺവേ സംവിധാനം
മാർക്കറ്റ്, താലൂക്ക് ആശുപത്രി എന്നി ജംഗ്ഷനുകളിലെ ബസ് സ്റ്റോപ്പുകളിൽ മാത്രം ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം
വെട്ടിപ്പുഴയിലെ ആർ.പി.എൽ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിൽ മാത്രം ബസുകൾ നിർത്തുക.
കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കു മുന്നിലടക്കം ഓട്ടോറിക്ഷകൾ കറങ്ങി നടക്കാൻ പാടില്ല.
പാതയോരത്തെ നടപ്പാതയിലോ വാഹനങ്ങളിലോ കച്ചവടം നടത്താൻ അനുവദിക്കില്ല
പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ കെ.എസ്. ആർ.ടി.സി ജംഗ്ഷൻ വരെയുളള സ്ഥലങ്ങളിലും സ്റ്റോപ്പുകളിൽ മാത്രമേ ബസ് നിറുത്താവൂ