നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ നടപടി
കൊല്ലം: ഓണദിവസങ്ങളിൽ നഗരത്തിലുണ്ടായേക്കാവുന്ന ഗതാഗത കുരുക്കുകൾ ഒഴിവാക്കാൻ പൊലീസിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ താത്കാലിക പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കും. പ്രാഥമികമായി കണ്ടെത്തിയ ആറ് കേന്ദ്രങ്ങൾ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു. ഇതിന് പുറമെ കൂടുതൽ പാർക്കിംഗ് കേന്ദ്രങ്ങളും നഗരസഭയുടെ പിന്തുണയോടെ പൊലീസ് കണ്ടെത്തും.
കൂടുതൽ പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്താനും ഗതാഗത കുരുക്ക് ഒഴിവാക്കാനുമുള്ള പദ്ധതികൾ ചർച്ച ചെയ്യാനും ഇന്ന് വൈകിട്ട് നാലിന് എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് ക്ലബ്ബിൽ യോഗം ചേരും. നഗരത്തിലെ വ്യാപാരികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ചുമട്ട് തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ, നഗരസഭാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ചരക്കിറക്കുന്നതിന് സമയക്രമം
നഗരത്തിന്റെ വ്യാപാര കേന്ദ്രമായ മെയിൻ റോഡിലെ ഗതാഗത ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പൊലീസ് ഇടപെടൽ കർശനമാക്കിയേക്കും. പകൽ സമയത്ത് മെയിൻ റോഡിൽ ചരക്ക് വാഹനങ്ങൾ നിരന്ന് കിടന്നാൽ നഗരം ഗതാഗത കുരുക്കിൽ അമരുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതൊഴിവാക്കാൻ കൂറ്റൻ ലോറികളിൽ നിന്ന് ചരക്ക് ഇറക്കുന്നതിന് പ്രത്യേക സമയം തീരുമാനിച്ചേക്കും. ജനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിന് മുമ്പും ശേഷവും ചരക്ക് ഇറക്കുന്ന കാര്യത്തിൽ പൊലീസ് വ്യാപാരികളുടെ പിന്തുണയും തേടും.
വൺ വേ തെറ്റിച്ചാൽ പിടിവീഴും
നഗരത്തിലെ വ്യാപാര കേന്ദ്രമായ മെയിൻ റോഡിലും പരിസര റോഡുകളിലുമുള്ള വൺ വേ സംവിധാനം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇവിടുത്തെ റോഡുകളുടെ ഒരു ഭാഗം പാർക്കിംഗിനായി വിട്ട് നൽകേണ്ടി വന്നേക്കും.
വൺ വേ ലംഘനമുണ്ടായാൽ ഗതാഗത കുരുക്കഴിക്കാൻ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമത്തിന്റെയും കൂടി അടിസ്ഥാനത്തിൽ ലംഘനത്തിന് വലിയ തുക പിഴയിനത്തിൽ ഈടാക്കാനാണ് തീരുമാനം.
പാർക്കിംഗിനായി കണ്ടെത്തിയ സ്ഥലങ്ങൾ
1. ചിന്നക്കടയിലെ പാർവതി കോട്ടൺ മിൽ
2. ചിന്നക്കട സെന്റ് ജോസഫ് സ്‌കൂൾ മൈതാനം. (സ്‌കൂൾ അടയ്ക്കുന്ന 5 വരെ വൈകിട്ട് 4 മുതൽ 8 വരെയും ശേഷിക്കുന്ന ദിവസങ്ങളിൽ മുഴുവൻ സമയവും)
3. താലൂക്ക് കച്ചേരിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ കൊല്ലം രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലം
4. ചാമക്കട ഫയർഫോഴ്സ് സ്റ്റേഷന് സമീപത്തെ മസ്ജിദ് ഗ്രൗണ്ട്
5. ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് എതിർവശത്തെ നഗരസഭയുടെ സ്ഥലം
6. ആശ്രാമം ലിങ്ക് റോഡ് പരിസരം
7. ആശ്രാമം ലിങ്ക് റോഡിനോട് ചേർന്ന് കിടക്കുന്ന നഗരസഭയുടെ സ്ഥലം
വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
വലിയ വാഹനങ്ങൾ നിർദ്ദേശങ്ങൾ അവഗണിച്ച് തിരക്കിലേക്ക് കയറരുത്
പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനം നിറുത്തിയ ശേഷം നടന്ന് പോകണം