pankajahshiamma
വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ പങ്കജാക്ഷിഅമ്മയെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ

കൊല്ലം: ഓച്ചിറ ക്ഷേത്രത്തിലെ അന്നംകഴിച്ച് സമീപത്തെ കടത്തിണ്ണയിൽ അന്തിയുറങ്ങുകയും ചെയ്തിരുന്ന വയോധിക പങ്കജാക്ഷിഅമ്മയ്ക്ക് വനിതാ കമ്മിഷൻ ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനിൽ അഭയം നൽകി. അടുത്തിടെ അസുഖ ബാധിതയായതിനെ തുടർന്ന് നാട്ടുകാരിൽ ആരോ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡിസ്ചാർജ് ചെയ്തപ്പോൾ ഏറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയായി. അപ്പോഴാണ് ജില്ലാ ആശുപത്രിയിൽ സ്ഥിരമായി ഉച്ചഭക്ഷണം നൽകുന്ന യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ജില്ലാ സെക്രട്ടറി അരുൺബാബു വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാലിനെ വിവരം അറിയിച്ചു.
ആശുപത്രിയിൽ എത്തിയ ഡോ. ഷാഹിദാ കമാൽ പങ്കജാക്ഷിഅമ്മയോട് വിവരങ്ങൾ ആരാഞ്ഞു. സ്വന്തം വീടിനെ പറ്റിയോ മക്കളെപറ്റിയോ ഒരോർമ്മയും ഇല്ല. ഈ അവസ്ഥയിൽ അവരെ സംസ്ഥാന വനിതാ കമ്മിഷൻ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തി പങ്കജാക്ഷിഅമ്മയെ ഗാന്ധിഭവനിലേക്ക് അയച്ചു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണന്നും ഇത് നല്ല പ്രവണത അല്ലെന്നും ഡോ.ഷാഹിദാ കമാൽ പറഞ്ഞു. ഇത്തരം മക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.