cashew-1

കൊല്ലം: തോട്ടണ്ടി വാങ്ങാൻ കേരള കാഷ്യുബോർഡ് സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് 250 കോടി രൂപ വായ്പയെടുക്കുന്നു. ഫാക്ടറികളിൽ സ്ഥിരമായി തോട്ടണ്ടി ലഭ്യമാക്കുകയാണ് ലക്ഷ്യം. വായ്പയ്ക്ക് സർക്കാർ ഗാരണ്ടി നൽകാൻ വ്യവസായ വകുപ്പ് ഉത്തരവായി.
നേരത്തെ വിവിധ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് കടമെടുക്കാമെന്നായിരുന്നു ആദ്യ തീരുമാനം. ആ തീരുമാനം മാറ്റിയാണ് സംസ്ഥാന സഹകരണ ബാങ്കിനെ സമീപിച്ചത്. ആഫ്രിക്കയിലെ കശുഅണ്ടി ഉൽപ്പാദകരാജ്യങ്ങളിൽ നിന്ന് നേരിട്ട് തോട്ടണ്ടി വാങ്ങാനാണ് കാഷ്യു ബോർഡ് രൂപീകരിച്ചത്. ന്യായമായ നിരക്കിൽ ഇത് കേരളത്തിലെ കശുഅണ്ടി മേഖലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. എന്നാൽ വായ്പയെടുക്കുന്ന തുക ഉപയോഗിച്ച് ഇന്ത്യയ്ക്കുള്ളിൽ നിന്നും തോട്ടണ്ടി വാങ്ങാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ കശുഅണ്ടി വികസന കോർപ്പറേഷനും കാപ്പെക്‌സിനുമാണ് നിലവിൽ ബോർഡ് തോട്ടണ്ടി വാങ്ങിനൽകുന്നത്. കൂടുതൽ തുകയ്ക്ക് തോട്ടണ്ടി വാങ്ങുന്നതോടെ സ്വകാര്യ ഫാക്ടറികൾക്കും ന്യായമായ നിരക്കിൽ ലഭ്യമാക്കാനാകും.
പ്രവർത്തന മൂലധനം സമാഹരിക്കുന്നതിന് ബോർഡിന് 2018 ഓഗസ്റ്റിലെ ഉത്തരവു പ്രകാരം സർക്കാർ 100 കോടി രൂപയുടെ ഗ്യാരണ്ടി നല്‍കിയിരുന്നു.

ഫെബ്രുവരിയിലാണ് 250 കോടി രൂപ വായ്പയെടുക്കുന്നതിന് ബോർഡിന്റെ മാനേജിംഗ് ഡയറക്ടർ സർക്കാരിന് കത്ത് നല്‍കിയത്. ഗ്യാരണ്ടി കമ്മീഷനായി 0.75ശതമാനം സര്‍ക്കാരിൽ അടയ്ക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് വൈകിയാൽ 12% പലിശ ഈടാക്കും. ഇതു സംബന്ധിച്ച് അർദ്ധ വാർഷിക റിപ്പോർട്ട് ധനകാര്യ വകുപ്പിന് നല്‍കണം. തോട്ടണ്ടിയുടെ ഗുണനിലവാരം ബോർഡ് ഉറപ്പുവരുത്തണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

1.മറ്റുരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും തോട്ടണ്ടി വാങ്ങും

2.സ്വകാര്യ ഫാക്ടറികൾക്കും തോട്ടണ്ടി ലഭ്യമാക്കും

3.പൊതുമേഖലാ സ്ഥാപനങ്ങളായ കശുഅണ്ടി വികസന കോർപ്പറേഷനും കാപ്പെക്‌സിനുമാണ് നിലവിൽ ബോർഡ് തോട്ടണ്ടി വാങ്ങിനൽകുന്നത്.

4.തോട്ടണ്ടിയുടെ ഗുണനിലവാരം ബോർഡ് ഉറപ്പുവരുത്താൻ സർക്കാർ നിർദ്ദേശം