തൊടിയൂർ: റെയിൽവേ പാലംവഴി നടക്കവേ ട്രെയിൻ വരുന്നതു കണ്ട് രക്ഷപ്പെടാൻ ട്രോളിപാത്തിൽ കയറിനിന്നയാൾ ആറ്റിൽവീണു മരിച്ചു. തൊടിയൂർ കല്ലേലിഭാഗം കാട്ടൂർ തെക്കതിൽ ഗോപിയാണ് (53) മരിച്ചത് . ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. പാലത്തിന് സമീപം താമസിക്കുന്ന മൈനാഗപ്പള്ളി കൈതവിള തെക്കതിൽ ഷാൻ എന്ന സുഹൃത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തശേഷം പള്ളിക്കലാറിന് കുറുകേയുള്ള കല്ലുകടവ് റെയിൽവേ പാലത്തിൽക്കൂടി നടക്കുമ്പോഴാണ് ട്രെയിൻ വന്നത്. പാലത്തിന്റെ വശത്തെ ട്രോളിപാത്തിൽ കയറി നിന്ന ഗോപി കൈവരിയോട് ചേർന്നു നിന്നപ്പോൾ കൈവരി ഇളകി ആറ്റിൽ പതിക്കുകയായിരുന്നു.
ഷാന്റെ വീട്ടിലെ ചടങ്ങിനെത്തിയ കൊല്ലം സ്വദേശിയായ ആഷ്ക്കർ (21) ഗോപിയെ രക്ഷിക്കാനായി ആറ്റിലേക്ക് ചാടിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഷാനും പിന്നാലെ ചാടി തെരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും പിന്നീട് നീന്തി കരകയറി.
കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഗോപിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊല്ലത്ത് നിന്ന് ഫയർഫോഴ്സിന്റെ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് ആറുമണിയൊടെ മൃതദേഹം കണ്ടെത്തിയത്.കരുനാഗപ്പള്ളി പൊലിസ് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നു രണ്ടു മണിയോടെ സംസ്ക്കാരം നടത്തും. ഗോപി മരപ്പണിക്കാരനാണ്. ഭാര്യ: രമ. മക്കൾ: കൃഷ്ണകുമാർ, ഗോപുമാർ, ഗോപിക.മരുമകൾ: അശ്വതി.