കൊട്ടിയം: പരസ്പര വിശ്വാസവും സ്നേഹവും സത്യസന്ധതയും ധാർമ്മികമായ അച്ചടക്കവും ആത്മബോധവും വളർത്തിയെടുക്കാൻ ഗുരുദേവനെ മാതൃകയാക്കണമെന്ന് ഊർജ്ജ ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 903-ാം നമ്പർ കൊട്ടിയം ശാഖയുടെ പ്ലാറ്റിനം ജൂബിലിയും ഗുരുമന്ദിരത്തിന്റെ 40-ാമത് പ്രതിഷ്ഠാ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുനിധി എന്ന പേരിൽ ശാഖ ആരംഭിക്കുന്ന സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് എൻ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. ശാഖയുടെ മുൻകാല സാരഥികളെയും ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി അംഗങ്ങളെയും പി.എച്ച്.ഡി ലഭിച്ച ശാഖാ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, മേഖലാ കൺവീനർ ഇരവിപുരം സജീവൻ, യൂണിയൻ പ്രതിനിധി എൻ. പ്രസന്നകുമാർ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന ചെയർമാൻ എസ്. അജുലാൽ എന്നിവർ സംസാരിച്ചു. കൊട്ടിയം എസ്.എൻ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വി. അജിത്ത് അവാർഡ് ദാനം നടത്തി. ശാഖാ സെക്രട്ടറി കെ.എസ്. സജു സ്വാഗതവും കമ്മിറ്റി അംഗം ജലജാമണി നന്ദിയും പറഞ്ഞു.
ശാഖാ വൈസ് പ്രസിഡന്റ് ആർ. കുട്ടപ്പൻ, കമ്മിറ്റി അംഗങ്ങളായ എൻ. അശോകൻ, ഡി. പ്രകാശ്, എൽ. ഷാജി, ആർ.എസ്. കണ്ണൻ, എസ്. സനോജ് എന്നിവർ നേതൃത്വം നൽകി. യോഗശേഷം കൃഷ്ണ എസ്. ലൈജുവിന്റെ സംഗീത സദസ് നടന്നു.