ഒരാഴ്ചയ്‌ക്കുള്ളിൽ കരട് വിശദരൂപരേഖ സമർപ്പിക്കും
കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ ലെവൽക്രോസിന് കുറുകെയുള്ള മേല്പാലത്തിന്റെ പ്രാഥമിക രൂപരേഖയായി (ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ്). ഒരാഴ്ചയ്ക്കുള്ളിൽ മേല്പാലത്തിന്റെ കരട് വിശദരൂപരേഖ കൺസൾട്ടന്റായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൊസൈറ്റൽ അഡ്വാൻസ്‌മെന്റ് നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് സമർപ്പിക്കും.
മേല്പാലത്തിന്റെ പ്രാഥമിക രൂപരേഖയിൽ റെയിൽവേ നിർദ്ദേശിച്ച മാറ്റങ്ങൾ സഹിതമാണ് കരട് വിശദരൂപരേഖ തയ്യാറാക്കുന്നത്. കരട് വിശദരൂപരേഖയിൽ മാറ്റങ്ങൾ ആവശ്യമില്ലെങ്കിൽ അംഗീകാരത്തിനായി കിഫ്ബിക്ക് സമർപ്പിക്കും. വിശദരൂപരേഖ അംഗീകരിച്ചാലുടൻ സാമൂഹ്യാഘാത പഠനവും നടത്തും. ഇതിന് ശേഷം ഭൂമി വിട്ടുനൽകുന്നവരുമായി ചർച്ച നടത്തിയ ശേഷം സ്ഥലമേറ്റെടുപ്പിലേക്ക് പോകും.
പാലം നിർമ്മാണം സിംഗിൾ പില്ലറിലായതിനാൽ കാര്യമായി സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല.
എസ്.എൻ കോളേജ് ജംഗ്ഷനിലെ മേല്പാലം നിർമ്മാണം പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. നിരവധി വിദ്യാഭ്യാസ, കച്ചവട സ്ഥാപനങ്ങളും ഓഫീസുകളും റെയിൽവെ ക്രോസിനപ്പുറം പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയായ ഗേറ്റടവ് കാരണം ഇവിടങ്ങളിലേക്ക് പോകുന്നവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. അത്യാസന്ന നിലയിലുള്ളവരെ കൃത്യസമയത്ത് ആശുപത്രിയിലും ലക്ഷ്യസ്ഥാനങ്ങളിലും എത്തിക്കാനാകാതെ ലെവൽക്രോസിനപ്പുറമുള്ള ആയിരക്കണക്കിന് കുടുംബങ്ങളും പ്രയാസം അനുഭവിക്കുകയാണ്.
നിലവിലെ രൂപരേഖ ഇപ്രകാരം
കോളേജ് ജംഗ്ഷനിലെ ഇംഗ്ലീഷ് പള്ളിക്ക് മുന്നിൽ നിന്നാരംഭിച്ച് ചാപ്റ്റർ കോളേജിന് മുന്നിലെ വളവിൽ അവസാനിക്കുന്ന തരത്തിലാണ് നിലവിലെ രൂപരേഖ. സ്ഥലമേറ്റെടുപ്പിനടക്കം ഏകദേശം 50 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ ഒരുവശത്ത് നടപ്പാതയുണ്ടാകും. 10.2 മീറ്റർ വീതിയും അപ്രോച്ച് റോഡ് സഹിതം 430 മീറ്റർ നീളവുമുണ്ടാകും.
430 മീറ്റർ നീളം
10.2 മീറ്റർ വീതി
ചെലവ്: ഏകദേശം 50 കോടി