c

കൊല്ലം: ചിന്നക്കടയിലെ ചീനക്കൊട്ടാരം സംരക്ഷിത മ്യൂസിയമാക്കാനുള്ള നഗരസഭയുടെ ശ്രമത്തിന് റെയിൽവേയുടെ നിസഹകരണം തിരിച്ചടിയാകുന്നു. നൂറ്റാണ്ടിന്റെ ചരിത്രമുള്ള ചീനക്കൊട്ടാരം റെയിൽവേയുടെ ഉടമസ്ഥതയിലാണ്. ഇതു ചരിത്ര മ്യൂസിയമാക്കാൻ 2018ലെ ബഡ്ജറ്റിൽ നഗരസഭ 30 ലക്ഷം രൂപ നീക്കി വച്ചിരുന്നു. മ്യൂസിയം നിർമ്മിക്കാനായി കൊട്ടാരത്തിന്റെ സംരക്ഷണ ചുമതല വിട്ടു നൽകണമെന്ന് നഗരസഭ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും റെയിൽവേ പ്രതികരിച്ചില്ല. ഇതിനായി കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കാണാനാണ് നഗരസഭയുടെ ശ്രമം.

മേൽക്കൂരയുടെ ഒരു ഭാഗം ദ്രവിച്ച് വീണതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് തകര ഷീറ്റുകൾ പാകി. അതോടെ അതൊരു വികൃത രൂപമായി. മേൽക്കൂരയിൽ ഓട് പാകിയ ശേഷിക്കുന്ന ഭാഗങ്ങളിൽ കാട്ടുവള്ളികൾ പടർന്ന് കയറി. കൊല്ലം - തിരുവനന്തപുരം ദേശീയപാതയിൽ ചിന്നക്കട മേൽപ്പാലത്തിൽ നിന്ന് കാണാൻ കഴിയുന്ന ചരിത്ര സ്മാരകം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്. ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ കൊട്ടാരം പൂർണമായും തകർന്നേക്കാം.

 നാടിന്റെ ചരിത്രമാണിത്, ഇല്ലാതാക്കരുത്

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ 1904ൽ പണികഴിപ്പിച്ചു.

കൊല്ലം - ചെങ്കോട്ട മീറ്റർ ഗേജ് പാത കമ്മിഷൻ ചെയ്‌തതിനൊപ്പം പൂർത്തിയായി.

തീവണ്ടി യാത്രകൾക്കായി കൊല്ലത്തെത്തിയിരുന്ന മഹാരാജാവിന് വിശ്രമിക്കാനായിരുന്നു കൊട്ടാരം.

തീവണ്ടികൾ തിരുവനന്തപുരത്തേക്ക് ഓടിത്തുടങ്ങിയപ്പോൾ രാജാവിന്റെ കൊല്ലം യാത്രകൾ നിലച്ചു.

കൊട്ടാരം റെയിൽവേയുടെ നിയന്ത്രണത്തിലായി.

ചീനക്കൊട്ടാരം വിളിപ്പേര്

ചൈനീസ് നിർമ്മിതിയോടുള്ള സാദൃശ്യം കാരണം ചീനക്കൊട്ടാരമെന്ന് വിളിപ്പേര്.

ഏഴ് മുറികൾ.

രണ്ട് നിലയുണ്ടെന്ന് തോന്നുമെങ്കിലും ഒറ്റ നില കെട്ടിടം. ചുവന്ന കട്ടകളുടെ ചുവരുകൾ,

വിദേശ വാസ്‌തുശിൽപ്പ ചാരുത,

കൊത്തുപണികൾ

..........................

സംരക്ഷിത മ്യൂസിയമാക്കാൻ നഗരസഭ ആവശ്യപ്പെട്ടെങ്കിലും ചീനക്കൊട്ടാരം റെയിൽവേ വിട്ടുനൽകിയില്ല. റെയിൽവേ മന്ത്രിയെ നേരിൽക്കണ്ട് കൊട്ടാരത്തിന്റെ സംരക്ഷണച്ചുമതല ആവശ്യപ്പെടും.

വി.രാജേന്ദ്രബാബു

നഗരസഭാ മേയർ