ഗണേശോത്സവ ട്രസ്റ്റിന്റെ ഗണപതി വിഗ്രഹ നിമജ്ജനം ഇന്ന് വൈകിട്ട്
ജില്ലയിൽ 150 ലേറെ കേന്ദ്രങ്ങളിൽ ഗണേശോത്സവ പൂജകൾ
കൊല്ലം: ഗണപതി ഭഗവാനെ സ്തുതിക്കാനും പ്രാർത്ഥിക്കാനും വിനായക ചതുർത്ഥി ദിനത്തിൽ ക്ഷേത്രങ്ങളിൽ വിശ്വാസികളുടെ തിരക്ക്. ഇന്നലെ രാവിലെ ഗണപതി ഹോമത്തോടെയാണ് ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് തുടക്കമായത്. കൊട്ടാരക്കര മഹാഗണപതിക്ഷേത്രം, കൊല്ലം കൊട്ടാരക്കുളം ഗണപതിക്ഷേത്രം എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഗണപതി ഉപദേവനായുള്ള ക്ഷേത്രങ്ങളിലും പതിവിലേറെ തിരക്കായിരുന്നു. ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഗണപതി വിഗ്രഹ നിമജ്ജനം ഇന്ന് (ചൊവ്വ) വൈകിട്ട് നടക്കും. ജില്ലയിലെ 150 ലേറെ കേന്ദ്രങ്ങളിൽ ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 30ന് ഗണേശോത്സവ പൂജകൾ തുടങ്ങിയിരുന്നു.
ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടിഗണപതി, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടൻ, ഗജമുഖൻ, ഏകദന്തൻ, വികടൻ, മഹോദരൻ, ലംബോദരൻ തുടങ്ങി എട്ട് അവതാര രൂപത്തിലുമുള്ള ഗണേശ വിഗ്രഹങ്ങളാണ് പൂജിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങൾ വൈകുന്നേരത്തോടെ ആശ്രാമത്ത് എത്തിക്കും. വൈകിട്ട് നാലിന് ആശ്രാമം മുനീശ്വരൻ കോവിലിൽ നിന്ന് കൊല്ലം ബീച്ചിലേക്ക് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര ആരംഭിക്കും. സന്ധ്യയോടെ ഗണേശ വിഗ്രഹങ്ങൾ ബീച്ചിൽ നിമജ്ജനം ചെയ്യും.