കൊല്ലം: മയ്യനാട് ആലുംമൂടിൽ നിന്ന് തുടങ്ങി ദേശീയപാതയിൽ ഉമയനല്ലൂർ ജംഗ്ഷന് സമീപം എത്തിച്ചേരുന്ന ഉമയനല്ലൂർ ഏലാ റോഡിൽ മാലിന്യ നിക്ഷേപം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമെത്തുന്നവർ രാപ്പകൽ വ്യത്യാസമില്ലാതെ പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യം റോഡ് വക്കിലേക്കും ഇരുവശത്തുമുള്ള നെൽപ്പാടത്തേക്കും വലിച്ചെറിയുകയാണ്. ഹോട്ടൽ മാലിന്യവും കോഴി വേസ്റ്റും ചാക്കുകളിലാക്കി ഇവിടെ തള്ളുന്നുമുണ്ട്.
മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്ത് തെരുവ് നായകളുടെ ശല്യവും വർദ്ധിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെയെത്തി തമ്പടിക്കുന്ന തെരുവ് നായ്ക്കൾ ഇരുചക്ര വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ആക്രമിക്കുന്നത് പതിവാണ്.
മാലിന്യം ചീഞ്ഞഴുകി നെൽപ്പാടത്തേക്ക് വ്യാപിക്കുന്നതിനൊപ്പം നീർത്തടങ്ങളും മലിനമാകുകയാണ്. പ്രദേശവാസികൾ പലതവണ പരാതി നൽകിയെങ്കിലും പൊലീസും പഞ്ചായത്ത് അധികൃതരും മാലിന്യം തള്ളുന്നവരെ പിടികൂടാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.