roa
പ്രവീണിന്റെ അപകട മരണത്തിൽ പ്രതിഷേധിച്ച് നീലമ്മാളിലെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പുനലൂർ-അഞ്ചൽ പാത ഉപരോധിക്കുന്നു

പുനലൂർ: കലുങ്ക് പണിയാനെടുത്ത കുഴിയിൽ വീണ് കരവാളൂർ പഞ്ചായത്തിലെ നീലമ്മാൾ സ്വദേശി പ്രവീൺ പ്രകാശ് (25) മരിച്ച സംഭവത്തിന് കാരണക്കാരായ കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നീലമ്മാളിലെ ജനകീയ സമിതിയും പ്രവീണിന്റെ സഹപാഠികളും ചേർന്ന് അപകടം നടന്ന അഞ്ചൽ - പുനലൂർ പാതയിലെ ഫയർ സ്റ്റേഷന് മുന്നിൽ റോഡ് ഉപരോധിച്ചു. തുടർന്ന് പ്രതിഷേധ പ്രകടനമായി എത്തിയ സമരക്കാർ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് നേരത്തേ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലും റോഡ് ഉപരോധിച്ചിരുന്നു. ഇതേ തുടർന്ന് ഇന്നലെ പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് മരിച്ച പ്രവീണിന് നഷ്ട പരിഹാരം നൽകാൻ തീരുമാനിച്ചു. ഇതിനായി ചെയർമാൻ കൺവീനറായ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. വ്യാഴാഴ്ച രാത്രിയിയാണ് സുഹൃത്തുക്കൾക്കൊപ്പം ബൈക്കിലെത്തിയ പ്രവീൺ കുഴിയിൽ വീണ് മരിച്ചത്. സുഹൃത്തുക്കളായ അനന്ദു, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിർദ്ധന കുടുംബാംഗമായ പ്രവീണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ, ജനപ്രതിനിധികൾ, കരാറുകാർ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, പേപ്പർ മിൽ മാജനേജിംഗ് ഡയറക്ടർ ടി.കെ. സുന്ദരേശൻ, സി. അജയപ്രസാദ്, നെൽസൺ സെബാസ്റ്റ്യൻ, കെ. ധർമ്മരാജൻ, സന്തോഷ് കെ. തോമസ്, ജോബോയ് പേരേര, എം.എം. ജലീൽ, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജലജ, ശ്രീധന്യ കൺസഷൻ കമ്പിനി ഉടമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.