കൊല്ലം: വൃക്കരോഗിയായ പന്ത്രണ്ട് വയസുകാരന് സഹായവുമായി എം. മുകേഷ് എം.എൽ.എ. കൊല്ലം മങ്ങാട് നൗഷാദ് -ഷീജ ദമ്പതികളുടെ മകനായ ആസിഫിന്റെ ചികിത്സയ്ക്ക് 20,000 രൂപ എം.എൽ.എ വീട്ടിലെത്തി കൈമാറി. എം. മുകേഷ് സ്വന്തം പണം ഉയോഗിച്ച് നടപ്പാക്കുന്ന കെയർ ആൻഡ് ഷെയർ സ്നേഹപൂർവം എം.എൽ.എ പദ്ധതിയുടെ ഭാഗമായാണ് ചികിത്സയ്ക്ക് പണം നൽകിയത്.
ആസിഫിന്റെ പിതാവ് നൗഷാദ് കൂലിപ്പണിക്കാരനാണ്. ആസിഫ് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലാണ്. ആസിഫിന്റെ രോഗത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു. മങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. ബാബുവും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.